മഹുവ മൊയ്ത്രയെ പുറത്താക്കണം: പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു

തൃണമൂൽ എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അംഗീകരിച്ചു. 6-4 വോട്ടുകൾക്കാണ് റിപ്പോർട്ട് അംഗീകരിച്ചത്. കോൺഗ്രസ് എംപി പ്രണീത് കൗർ റിപ്പോർട്ടിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ മറ്റ് നാല് പ്രതിപക്ഷ എംപിമാർ വിയോജന കുറിപ്പ് സമർപ്പിച്ചു.

ചോദ്യത്തിന് കോഴ വാങ്ങിയെന്നആരോപണവുമായി ബന്ധപ്പെട്ട് എംപി മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള പണമിടപാട് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അഞ്ഞൂറ് പേജുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

തന്റെ ലോക്‌സഭാ ലോഗ്-ഇൻ വിവരങ്ങൾ പുറത്തുള്ള വ്യക്തികളുമായി പങ്കുവെച്ചതിന് “അധാർമ്മികമായ പെരുമാറ്റം”, “സഭയെ അവഹേളിക്കുക” എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഹുവയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

എംപിയായി ഇരിക്കാൻ മഹുവയെ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപിക്ക് ഭൂരിപക്ഷമുള്ള എത്തിക്സ് കമ്മിറ്റിക്കുള്ളത്. കടുത്ത ശിക്ഷക്ക് യോഗ്യയാണ് മഹുവയെന്ന് സമിതിയിലെ ബിജെപി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, “കേന്ദ്ര സർക്കാർ ശക്തമായ അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.