ഇടതുപാർട്ടികൾ 25 കോടി രൂപ കൈപ്പറ്റി; വിമർശനം നല്ല കമ്മ്യൂണിസ്റ്റുകാർ മനസ്സിലാക്കും: കമല്‍ഹാസന്‍

ഇടതുപാര്‍ട്ടികള്‍ക്കെതിരായ വിമര്‍ശനത്തിലുറച്ച് മക്കൾ നീതിമയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. തന്റെ വിമര്‍ശനം നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാകുമെന്ന് കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമല്‍ഹാസന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങി 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതിനെ ചലച്ചിത്രനടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസൻ വിമർശിച്ചിരുന്നു. എന്നാൽ കമല്‍ഹാസന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറൊ അംഗം ജി.രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ടും അഭിപ്രായപ്പെട്ടിരുന്നു.

ഡിഎംകെയില്‍ നിന്ന് പണം വാങ്ങിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയമാണ് കാട്ടുന്നതെന്നും ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നുവെന്നുമായിരുന്നു കമല്‍ഹാസന്റെ വിമര്‍ശനം. മക്കൾ നീതിമയ്യത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാൻ കഴിയാത്തത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുൻവിധിയും പിടിവാശിയും കാരണമാണെന്നും കമൽഹാസൻ പറഞ്ഞു.

സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. തന്റേത് ചെറിയ പാർട്ടിയാണെന്ന് കരുതേണ്ടെന്ന് പറഞ്ഞിരുന്നെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. മുന്നണിയിൽ ചേരുന്നതിന് കോടികൾ വാങ്ങുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഫണ്ടിംഗ് എന്ന് ന്യായം പറഞ്ഞാൽ അംഗീകരിക്കാനാകില്ല. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ്നാട് രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പത്തു കോടി രൂപയും സിപിഐക്ക് 15 കോടി രൂപയും ഡിഎംകെ കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ഡിഎംകെ ഇക്കാര്യം വെളിപ്പെടുത്തിയത്.