രാഷ്ട്രീയക്കാരെ മുമ്പും ജഡ്ജിയായി നിയമിച്ചിട്ടുണ്ട്; കൊളീജിയം തീരുമാനം റദ്ദാക്കാനാവില്ല; വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവെച്ചു; ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി വിക്ടോറിയ ഗൗരിയുടെ നിയമനം സുപ്രീംകോടതി ശരിവെച്ചു. രാവിലെ സത്യപ്രതിജ്ഞ നടക്കുന്നതിന് മുമ്പ് ഹര്‍ജികളില്‍ അതിവേഗം തീര്‍പ്പാക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കൊളീജിയം തീരുമാനം റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി രാഷ്ട്രീയക്കാരെ മുന്‍പും നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
സര്‍ക്കാരിന്റെ വിവരങ്ങള്‍ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങള്‍ അറിയില്ല എന്ന് എങ്ങനെ പറയും. ഹര്‍ജി അംഗീകരിച്ചാല്‍ ഇത്തരം പരാതികള്‍ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായി പറഞ്ഞു. ഇതിനുശേഷം എല്ലാ ഹര്‍ജികളും തള്ളുകയായിരുന്നു. ഇന്നു രാവിലെ 9.15ന് . ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സത്യപ്രതിജ്ഞ ചെയ്താല്‍ വിക്ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കുക പ്രയാസകരമാവും എന്നതിനാലാണ് ഇതിന് മുന്‍പ് തന്നെ കേസ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ മാസം പതിനേഴിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചില്‍ അഭിഭാഷകയായ വിക്ടോറിയ ഗൗരി അടക്കം അഞ്ചു പേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജീയം ശുപാര്‍ശ ചെയ്യുന്നത്. വിവരം പുറത്തായതോടെ ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് കാട്ടി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതികളെത്തി.

മഹിളാ മോര്‍ച്ചാ നേതാവായ വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മ്മികമാണെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ന്യൂനപക്ഷ വിരുദ്ധമായി വിക്ടോറിയ ഗൗരി എഴുതിയ ലേഖനം മുന്നോട്ട് വച്ചാണ് ഒരു കൂട്ടം അഭിഭാഷകര്‍ ഈ നീക്കം നടത്തിയത്.