കോവിഡ് വ്യാപനം; അ‌ഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ വിലക്ക്, ട്രെയിൻ- വിമാന സർവീസുകൾ അനുവദിക്കില്ല

കോവിഡ് 19 വൈറസ് വ്യാപനത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ വിലക്കി കർണാടക സർക്കാർ. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് കർണാടക പ്രവേശനം നിഷേധിച്ചത്.

15 ദിവസത്തേക്കാണ് യാത്രക്കാരെ വിലക്കിയിരിക്കുന്നതെന്ന് നിയമ മന്ത്രി ജെ.സി.മധുസ്വാമി പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ നിന്ന് വിമാന, ട്രെയിൻ സർവീസുകളും അനുവദിക്കില്ല.ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

കർണാടകയിൽ 2418 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 781 പേർ രോഗമുക്തരായി. 47 പേർ മരിച്ചു. പുതുതായി സ്ഥിരീകരിച്ച 135 കേസുകളിൽ 118-ഉം പുറത്തു നിന്നും വന്നവർക്കാണ്.