കര്‍ണാടകയിലെ എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കര്‍; ലംഘിച്ചാല്‍ അയോഗ്യരാക്കിയേക്കും

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എമാര്‍ക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കര്‍ രമേഷ്‌കുമാര്‍. ഇതോടെ വിമത എം.എല്‍.എമാര്‍ വിപ്പ് ലംഘിക്കുന്ന പക്ഷം സ്പീക്കര്‍ അവരെ അയോഗ്യരാക്കാനാണ് സാധ്യത.

വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ 15 വിമത എം.എല്‍.എമാര്‍ ഇന്ന് സഭയില്‍ എത്തിയിട്ടില്ല. ഇവരെ കൂടാതെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് കടന്ന ശ്രീമന്ത് പാട്ടീലും ബി.എസ്.പി, എം.എല്‍.എ, എന്‍. മഹേഷും സഭയിലെത്തിയിട്ടില്ല. ശ്രീമന്ത് പാട്ടീല്‍ നെഞ്ചു വേദനയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമതര്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ രാമലിംഗ റെഡ്ഡി സഭയിലെത്തിയിട്ടുണ്ട്.

സഭ ചേര്‍ന്നയുടന്‍ മുഖ്യമന്ത്രി കുമാരസ്വാമി ഒറ്റവരി വിശ്വാസപ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് സാധിക്കും. കോടതിക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. സര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു.

ഇതിനിടെ വിശ്വാസപ്രമേയവും വോട്ടെടുപ്പ് പ്രക്രിയയകളും ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ബി.ജെ.പി നേതാവ് യദ്യൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസപ്രമേയത്തിലുള്ള വാദപ്രതിവാദങ്ങള്‍ കര്‍ണാകട വിധാന്‍ സൗധയില്‍ തുടരുകയാണ്. വിപ്പ് ലംഘിച്ചതിന് അയോഗ്യരാക്കിയാല്‍ വിമതര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനിടയുണ്ട്. അങ്ങനെയെങ്കില്‍ വീണ്ടും കര്‍ണാടക രാഷ്ട്രീയം കോടതി കയറും.

എം.എല്‍.എമാരെ അയോഗ്യരാക്കിയാലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ ഭൂരിപക്ഷം തികയ്ക്കാനാകാതെ പുറത്തുപോകാനാണ് എല്ലാ സാധ്യതയും.