'ഞാൻ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്, സത്യം ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കും'; ഭീഷണിപ്പെടുത്തി സമയം കളയണ്ടെന്ന് യു.പി സർക്കാരിനോട് പ്രിയങ്ക ഗാന്ധി

സർക്കാർ ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായത് സംബന്ധിച്ച പരാമര്‍ശങ്ങളില്‍ യുപി സര്‍ക്കാര്‍ അയച്ച നോട്ടീസില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണെന്നും സത്യം വിളിച്ചു പറയുന്നതില്‍ നിന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.

“അവര്‍ക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാം. ഞാന്‍ സത്യം പറയുന്നത് തുടരും. ഞാന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്, അല്ലാതെ ചില പ്രതിപക്ഷ നേതാക്കളെ (യുപിയിലെ) പോലെയുള്ള അപ്രഖ്യാപിത ബിജെപി വക്താവല്ല” – പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

കാണ്‍പൂരിലെ ഗവ.ഷെല്‍ട്ടര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായെന്ന മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയുള്ള ആരോപണമാണ് ഞായറാഴ്ച പ്രിയങ്ക ഗാന്ധി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചത്. ജനസേവകയെന്ന എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വവും കടമകളും ഉത്തര്‍പ്രദേശിലെ ജനങ്ങളോടാണ്. സര്‍ക്കാര്‍ പ്രൊപ്പഗാണ്ടയല്ല, സത്യം ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കുകയാണ് എന്റെ കടമ. വിവിധ വകുപ്പുകള്‍ വഴി എന്നെ ഭീഷണിപ്പെടുത്തി, യുപി സര്‍ക്കാര്‍ സമയം കളയുകയാണ് – പ്രിയങ്ക പറഞ്ഞു.

തെറ്റിദ്ധാരണാജനകമായ അഭിപ്രായപ്രകടനങ്ങളാണ് പ്രിയങ്ക നടത്തിയത് എന്നും മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. യുപിയില്‍ കൊറോണ മരണം കൂടുതലാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആഗ്ര ജില്ലയിലെ കൊറോണ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ജില്ലാ ഭരണകൂടം പ്രിയങ്കയോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.