യൂട്യൂബ് വീഡിയോ കണ്ട് പരസഹായമില്ലാതെ അവിവാഹിത പ്രസവിച്ചു; അമ്മയ്ക്കും കുഞ്ഞിനും ദാരുണമായ അന്ത്യം

വൈദ്യസഹായം തേടാതെ യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ച അവിവാഹിതയായ യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബിലാന്ദര്‍പുരിലാണ് സംഭവം. ബഹ്‌റെയ്ച്ച് സ്വദേശിനിയായ ഇരുപത്താറുകാരിയും നവജാത ശിശുവും മരിച്ചു.

കഴിഞ്ഞ ഞായറാഴ്ച ബിലാന്ദര്‍പുരില്‍ നാല് ദിവസത്തേക്ക് മുറി വാടകയ്‌ക്കെടുത്താണ് യുവതി താമസിച്ചിരുന്നത്. അവിടെ വെച്ചാണ് യുവതി പ്രസവത്തെ കുറിച്ചുള്ള വീഡിയോ കണ്ട് പരസഹായമില്ലാതെ കുഞ്ഞിനെ പുറത്തെടുക്കാന്‍ നോക്കിയത്. തിങ്കളാഴ്ച രാവിലെ യുവതിയുടെ മുറിക്ക് പുറത്തേക്ക് രക്തം ഒഴുകി വരുന്നത് അടുത്ത മുറികളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍ പെടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് യുവതിയും കുഞ്ഞും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.

യുവതി മൊബൈല്‍ ഫോണ്‍ കണ്ടാണ് പ്രസവത്തിന് തയ്യാറെടുത്തതെന്നും അവര്‍ യൂട്യൂബില്‍ “എങ്ങിനെ ഒറ്റയ്ക്ക് പ്രസവമെടുക്കാം” എന്നും സുരക്ഷിതമായ വഴികള്‍ എന്തൊക്കെയെന്ന് തിരഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. അവിവാഹിതയായ ഗര്‍ഭിണിയായതിനാല്‍ സമൂഹത്തില്‍ നിന്നുള്ള അവഗണന പേടിച്ചിട്ടാകാം യുവതി ഇതിന് മുതിര്‍ന്നതെന്നു പൊലീസ് പറയുന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.