'ലിവിംഗ് ടുഗെദർ അവസാനിപ്പിച്ച് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു'; സംഭവം ഉത്തർപ്രദേശിലെ ഗാസിയാപൂരിൽ

ഉത്തർപ്രദേശിലെ ഗാസിയാപൂരിൽ കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലിവിംഗ് ടുഗെദർ അവസാനിപ്പിച്ച് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച് സ്യൂട്ട്കേസിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പുലർച്ചെ ​ഗാസിയാപൂരിലെ വിജനമായ ഒരിടത്ത് സ്യൂട്ട്കേസിൽ യുവതിയുടെ ശവശരീരം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്യൂട്ട്കേസ് കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടാണ് അന്വേഷണം ആരംഭിച്ചത്.

മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സംശയം തോന്നിക്കുന്ന രീതിയിൽ പ്രദേശത്തൂടെ കടന്നുപോയ ഹ്യൂണ്ടായ് വെർണ കാറിനുവേണ്ടി അന്വേഷണം നടത്തിയിരുന്നു. പിന്നാലെ രജിസ്ട്രേഷൻ നമ്പറും കാറുടമയേയും കണ്ടെത്തിയിരുന്നു. എന്നാൽ കാറുടമ പൊലീസിനോട് പറഞ്ഞത് അമിത് തിവാരി എന്നയാൾക്ക് കാർ വിറ്റു എന്നാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അമിത് തിവാരിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ​ഗാസിയാബാദിൽ താമസിക്കുന്ന ഒരു ക്യാബ് ഡ്രൈവറാണ് ഇയാൾ. സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ കൂടെ സുഹൃത്ത് അനൂജ് കുമാർ എന്നയാളും ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ​ഗാസിയാബാദിൽ തന്നെ താമസിക്കുന്ന വെൽഡിങ് മെക്കാനിക്കാണ് അനൂജ് കുമാർ.

ചോദ്യംചെയ്യലിനിടെ മൃതദേഹം തന്റെ ബന്ധുവായ ശിൽപ്പ പാണ്ഡെ(22)യുടേതാണെന്നും കൊലപാതകം നടത്തിയത് താനാണെന്നും അമിത് തിവാരി കുറ്റസമ്മതം നടത്തുകയായിരുന്നു. ഒരു വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ശിൽപ അമിതിനെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അമിത് വിവാഹത്തിന് താൽപര്യപ്പെട്ടിരുന്നില്ല. ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അമിത് ശിൽപയുമായി വാക്കുതർക്കത്തിലേർപ്പെടുകയും അത് കൊലപാതകത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്.

കൊലചെയ്ത ശേഷം മൃതശരീരം സ്യൂട്ട്കേസിലാക്കുകയും സുഹൃത്ത് അനൂജ് കുമാറിന്റെ സഹായത്തോടെ സ്യൂട്ട്കേസ് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് പെട്രോൾ പമ്പിൽ നിന്ന് 160 രൂപയ്ക്ക് വാങ്ങിയ പെട്രോൾ ഉപയോ​ഗിച്ച് ബോഡി കത്തിക്കുകയും ചെയ്തു. ​ഗ്രേറ്റർ നോയിഡയിൽ നിന്നാണ് അമിതിനെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ധനിയ പറഞ്ഞു. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read more