രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്സിൻ ശിപാര്‍ശ ചെയ്ത് വിദഗ്ദ്ധ പാനൽ

 

രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പിനായി ഭാരത് ബയോടെക്കിന്റെ കോവിഡ് -19 വാക്സിൻ കോവാക്സിൻ ശിപാർശ ചെയ്ത് വിദഗ്ദ്ധ പാനൽ. അന്തിമ അനുമതി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നൽകും. ഈ അംഗീകാരം വന്നു കഴിഞ്ഞാൽ, കുട്ടികൾക്ക് നൽകാനായി അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിൻ ആയിരിക്കും കോവക്സിൻ എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കുത്തിവെയ്പ്പ് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.

കുട്ടികൾക്കുള്ള വാക്സിനുകളിൽ മൂന്നാമതായി അനുമതി ലഭിക്കാൻ സാദ്ധ്യത ഉള്ളത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവവാക്സ് ആണ്, ഇതിന് കഴിഞ്ഞ മാസം ഡിസിജിഐ ഏഴ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു. നാലാമത്തേത് ബയോളജിക്കൽ ഇയുടെ കോർബെവാക്സ് ആണ്, ഇത് അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളിൽ പരീക്ഷണം നടത്താൻ അനുമതി നൽകിയിട്ടുണ്ട്.

രണ്ട് മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണങ്ങൾക്കായി പ്രസക്തമായ എല്ലാ വിവരങ്ങളും സമർപ്പിച്ചതായി വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് കഴിഞ്ഞ ആഴ്ച പറഞ്ഞു.

കുട്ടികളിൽ പരീക്ഷിച്ച കോവാക്സിൻ വാക്സിൻ മുതിർന്നവരിൽ ഉപയോഗിക്കുന്ന അതേ ഫോർമുലേഷനാണ്, എന്നാൽ ചെറുപ്പക്കാരായ സ്വീകർത്താക്കളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പരീക്ഷണങ്ങൾ ആവശ്യമാണ്.

ഈ പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല, എന്നാൽ രാജ്യത്തുടനീളമുള്ള ആയിരത്തിലധികം കുട്ടികളിൽ പരീക്ഷണം നടത്തി.

മുതിർന്നവർക്ക് ഏകദേശം 96 കോടി ഡോസുകൾ ഇന്ത്യയിൽ നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് നല്കുന്നതിലേക്ക് പതിയെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കേന്ദ്ര സർക്കാർ.