തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു; ഇനി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ വൈസ് പ്രസിഡന്റ

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ വൈസ് പ്രസിഡന്റായി ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു. ജൂലൈ 15- ന് ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജൻസി അദ്ദേഹത്തെ അടുത്ത വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചതിന് ഒരു മാസത്തിന് ശേഷമാണ് രാജി.

62 വയസുകാരനായ അശോക് ലവാസ 2018 ജനുവരിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധി തീരാൻ ഇനിയും രണ്ട് വർഷം കൂടിയുണ്ടായിരുന്നു.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിലേക്ക് (എ.ഡി.ബി) അശോക് ലവാസയുടെ നിയമനത്തിന് കേന്ദ്രത്തിന്റെ അംഗീകാരമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്കെതിരായ പരാതികൾ പരിഗണിച്ച സമിതിയുടെ അഭിപ്രായത്തോട് വിയോജിച്ച് കഴിഞ്ഞ വർഷം അശോക് ലവാസ വാർത്തകളിൽ ഇടം നേടിയിരുന്നു.

പ്രധാനമന്ത്രി മോദിക്കെതിരെ ആറ് പരാതികൾ ആണ് ഉണ്ടായിരുന്നത്. ഈ കേസുകളിൽ ചിലതിൽ അശോക് ലവാസ സമിതിയിലെ തന്റെ സഹപ്രവർത്തകരുമായി വിയോജിച്ചു. “ന്യൂനപക്ഷ തീരുമാനങ്ങൾ” “അടിച്ചമർത്തപ്പെടുന്നു” എന്ന് പറഞ്ഞ് അദ്ദേഹം യോഗങ്ങളിൽ പങ്കെടുക്കുന്നത് നിർത്തി.

“സത്യസന്ധർ ഇതൊന്നും പരിഗണിക്കാതെ തന്നെ ഒരു ആന്തരികശക്തിയാൽ നയിക്കപ്പെട്ട് മുന്നോട്ട് പോകും. സത്യസന്ധരെ തളർത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന, തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഒരു സമൂഹം സ്വന്തം നാശത്തിന് വഴിയൊരുക്കുന്നു,” കഴിഞ്ഞ വർഷം ഡിസംബറിൽ, ഇന്ത്യൻ എക്സ്പ്രസിലെ ഒരു ലേഖനത്തിൽ അശോക് ലവാസ എഴുതി.

ഫയലിംഗിലെ പൊരുത്തക്കേടുകൾ ആരോപിച്ച് ഭാര്യ നോവൽ എസ് ലവാസയ്ക്ക് ആദായനികുതി നോട്ടീസ് അയച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഇത്. വിദേശനാണ്യ വിനിമയവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാനായിരുന്നു എന്നാണ് അധികൃതർ പറഞ്ഞത്. അതേസമയം എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും എല്ലാ വരുമാനവും വെളിപ്പെടുത്തിയെന്നും താൻ സഹകരിക്കുന്നുണ്ടെന്നും നോവൽ എസ് ലവാസ പറഞ്ഞു.

Read more

അശോക് ലവാസയ്ക്ക് ഓസ്ട്രേലിയയിൽ നിന്ന് ബിസിനസ് ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് ഡിഫെൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ ബിരുദവുമുണ്ട്.