ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ മീണ

ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ആരെയും അനുവദിക്കില്ല. ആരാധനാലയങ്ങളെ രാഷ്ട്രീയമത്സരങ്ങളില്‍ നിന്നും ഒഴിവാക്കണം. ഇക്കാര്യം അടുത്ത ദിവസം നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മീണ വ്യക്തമാക്കി.

ശബരിമല വിഷയം പ്രചാരണത്തിനായി ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്ന നിലപാട് കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമല പ്രശ്‌നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയകക്ഷികള്‍ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്നായിരുന്നു മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. അതേസമയം, ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ നിലപാട് കടുപ്പിച്ചത്.

ശബരിമല ഒരു മതസ്ഥാപനമാണ്. അതുകൊണ്ട് ശബരിമല ക്ഷേത്രത്തിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. എന്നാല്‍, അതുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്നു വന്ന സ്ത്രീപ്രവേശനം പോലുള്ള വിഷയങ്ങള്‍ പ്രചാരണ വിഷയം ആവാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഏതു പരിധി വരെ പോകാം എന്നും അവര്‍ തന്നെ തീരുമാനിക്കണം. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കാന്‍ കമ്മീഷന്‍ ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുകയും നടപടി എടുക്കുകയും ചെയ്യും. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കും. ഇതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.