ഡൽഹി കലാപത്തിന് പൊലീസിന്റെ പൂർണ പിന്തുണ; മുസ്ലിങ്ങളെ ആക്രമിക്കാൻ അവസരം ഒരുക്കിയെന്ന് കലാപകാരി

രാജ്യതലസ്ഥാനത്ത് നടന്ന കലാപത്തിൽ മുസ്ലിങ്ങളെ ആക്രമിക്കാൻ പൊലീസുകാരിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചെന്ന് കലാപകാരിയുടെ വെളിപ്പെടുത്തൽ. ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിൽ പങ്കെടുത്ത 22- കാരനായ യുവാവ് ദി കാരവാന് നൽകിയ അഭിമുഖത്തിലാണ് കലാപത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഡൽഹിയിൽ നടന്നത് സ്വയം രക്ഷയായിരുന്നില്ലെന്നും പ്രതികാരമായിരുന്നെന്നും യുവാവ് പറയുന്നു. മുസ്ലിങ്ങളുടെ കടകളും വാഹനങ്ങളും ലക്ഷ്യമിട്ടായിരുന്നു കലാപം. ജയ് ശ്രീ റാം വിളിക്കാൻ വിസമ്മതിച്ച മുസ്ലിം പുരുഷൻമാരെ മർദ്ദിച്ചു. ഇതിനെല്ലാം പൊലീസിന്റെ പൂർണ പിന്തുണയാണ് ലഭിച്ചത്.

മുസ്ലിം പ്രദേശങ്ങളിലേക്ക് പോയി ആക്രമിക്കാൻ അവർ നിർദ്ദേശിച്ചു. നിങ്ങൾ എല്ലായിടത്തേക്കും ചെല്ലൂ, അകത്ത് കയറിയും ചെയ്യൂ. അതുകൊണ്ടൊന്നും ഒരു കുഴപ്പവുമില്ല എന്നായിരുന്നു അവർ പറഞ്ഞത്. ഹിന്ദു കലാപകാരിക്കൾക്ക് അവസരം ലഭിച്ചിരിക്കുന്നു. നിങ്ങൾ ഹിന്ദു വാണെന്ന് തെളിയിക്കൂ. തോന്നുന്നത് എല്ലാം ചെയ്യാം. ഞങ്ങൾക്ക് മുകളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അവർ അവസാനിപ്പിക്കാൻ പറയുന്നത് വരെ നിങ്ങൾക്ക് തുടരാമെന്നുമായിരുന്നു പറഞ്ഞത്.

ഞാൻ ആളുകളെ മർദ്ദിക്കുകയും കടകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. എന്നാൽ ആരേയും കൊലപ്പെടുത്തിയിട്ടില്ലെന്നും പക്ഷേ നിരവധി ആളുകളെ താൻ മർദ്ദിച്ചിട്ടുണ്ടെന്നും യുവാവ് അഭിമുഖത്തിൽ പറയുന്നു.

ചിലർ ഞങ്ങൾക്ക് നേരെ തിരിഞ്ഞതോടെ ഞങ്ങൾ ശക്തമായി തിരിച്ചടിച്ചു ‌‌. ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ചതിന് ശേഷമായിരുന്നു ഞങ്ങൾ അവരെ അടിച്ചത്. ഹിന്ദുക്കളെ സഹായിക്കുകയും മുസ്ലിങ്ങളെ മർദ്ദിക്കുകയം ചെയ്തു.

ഹിന്ദുക്കളുടെ ഒരു സംഘം മൂന്ന് മുസ്ലിം പുരുഷന്മാരെ കൊന്നതായി താൻ കണ്ടതായി 22- കാരൻ പറഞ്ഞു. ജയ് ശ്രീ റാം വിളിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഒരാളെ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. ജനക്കൂട്ടം വാഹനത്തിന് തീയിട്ടു. അയാൾ അതിനകത്ത് കിടന്ന് മരിച്ചെന്നും യുവാവ് പറയുന്നു.

അക്രമത്തിൽ ബജ്‌റംഗദൾ പ്രവർത്തകർക്ക് പങ്കുണ്ടെന്നും ആയുധങ്ങളെല്ലാം മറ്റുള്ളവർക്ക് എത്തിച്ചത് അവരാണെന്നും അഭിമുഖത്തിൽ പറയുന്നു. ബജ്‌രംഗ്ദളിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ചിലരാണ് തനിക്ക് ലാത്തി തന്നതെന്നും പൊലീസിന്റെ ലാത്തി പോലെ തന്നെയായിരുന്നു അവയെന്നും യുവാവ് പറഞ്ഞു.

വാട്സപ്പിലൂടെ ലഭിച്ച സന്ദേശമാണ് കലാപത്തിലേക്ക് എത്തിച്ചതെന്നും യുവാവ് പറയുന്നു. ബ്രഹ്മപുരിയിൽ മുസ്‌ലിങ്ങൾ ഒരു ഹിന്ദു യുവാവിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. ഒരു ഹിന്ദു സഹോദരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് നമ്മൾ നിശ്ശബ്ദരായിപ്പോകുന്നത് എന്നായിരുന്നു സന്ദേശം. നിരവധി വീഡിയോകളും ഇതിനൊപ്പം വന്നെന്നും യുവാവ് പറയുന്നു.

Read more

ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടുവെന്നാണ് ഡൽഹി പൊലീസ് ചാർജ് ഷീറ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ 38 പേരും മുസ്ലിങ്ങളാണ്.