ഡല്‍ഹിയില്‍ തെരുവുകച്ചവടക്കാരന്റെ 30,000 രൂപയുടെ മാമ്പഴം കൊള്ളയടിച്ച് ആള്‍ക്കൂട്ടം

ഡല്‍ഹിയില്‍ തെരുവില്‍ മാമ്പഴം വില്‍ക്കുന്ന കച്ചവടക്കാരന്റെ മാമ്പഴങ്ങള്‍ ആള്‍ക്കൂട്ടം മോഷ്ടിച്ചു. ഡല്‍ഹിയിലെ ജഗത്പുരിയില്‍ നിന്നാണ് ആള്‍കൂട്ടത്തിന്റെ നാണംകെട്ട മോഷണ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ആള്‍ക്കൂട്ടം കൈയില്‍ കിട്ടിയ സാധനങ്ങളിലും വെറും കൈയിലും മാമ്പഴങ്ങള്‍ പെറുക്കിയെടുത്ത് ഓടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ഉത്തര ഡല്‍ഹിയിലെ പഴക്കച്ചവടക്കാരനായ ചോട്ടുവാണ് ആള്‍ക്കൂട്ട മോഷണത്തിനിരിയായത്. പ്രദേശത്ത് ഒരു വഴക്കുണ്ടായതിന് പിന്നാലെയാണ് മോഷണം നടന്നത്. 30,000 രൂപയുടെ മാമ്പഴം മോഷണം പോയെന്ന് ചോട്ടു പറയുന്നു.

സ്‌കൂളിനടുത്തു വെച്ച് സംഘര്‍ഷമുണ്ടായി. കുറച്ച് പേര്‍ വന്ന് എന്നോട് തള്ളുവണ്ടി നീക്കിയിടാന്‍ പറഞ്ഞു. ഞാന്‍ തള്ളുവണ്ടിയുമായി മറ്റൊരു സ്ഥലത്തേക്ക് പോവുകയും ചെയ്തു. ഇതിനിടെ പഴയ സ്ഥലത്ത് പെട്ടികളിലാക്കി താഴെ വെച്ചിരുന്ന മാമ്പഴമാണ് മോഷ്ടിക്കപ്പെട്ടത്’ ചോട്ടു പറഞ്ഞു.

തെരുവുകച്ചവടക്കാരന്‍ സ്ഥലത്തില്ലെന്ന് തിരിച്ചറിഞ്ഞ ആള്‍ക്കൂട്ടം ഒരു മടിയുമില്ലാതെ മാമ്പഴം മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു. കൈയിലും കവറുകളിലും ഹെല്‍മെറ്റിലും വരെ പലരും മാമ്പഴമെടുത്ത് കൊണ്ടുപോയി. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മറ്റു ചിലര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് വാര്‍ത്തയാകുന്നത്.

തള്ളുവണ്ടി ഇട്ട് തിരികെ വരുമ്പോഴേക്കും 15 പെട്ടി മാമ്പഴം മോഷണം പോയെന്നാണ് ചോട്ടു പറയുന്നത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ചോട്ടു കൂട്ടിച്ചേര്‍ക്കുന്നു.