ഇന്ത്യയിലെ കുടിവെള്ളത്തില്‍ മാരകവിഷ രാസവസ്തുക്കള്‍; കുഴല്‍ക്കിണറിലെ ജലത്തില്‍ വരെ ഉയര്‍ന്ന അളവില്‍ നോനൈല്‍ഫെനോള്‍

ഇന്ത്യയിലെമ്പാടും കുടിവെള്ളത്തില്‍ കൂടിയ അളവില്‍ വിഷ രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട് . കീടനാശിനികളിലും ലൂബ്രിക്കറ്റിംഗ് ഓയില്‍ അഡിറ്റീവുകളിലും ഫോര്‍മുലന്റായി ഉപയോഗിക്കുന്ന ‘നോനൈല്‍ഫെനോള്‍’ന്റെ കൂടിയ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.

കുടിവെള്ളത്തില്‍ നിന്ന് കണ്ടെത്തിയ വിഷ രാസവസ്തുക്കളുടെ സാന്നിദ്ധ്യം സ്വഭാവികമായ നിശ്ചിത പരിധിയേക്കാള്‍ 29 മുതല്‍ 81 മടങ്ങ് വരെ കൂടുതലാണെന്ന് കണ്ടെത്തി. പഠനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

ഇങ്ങനെ ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കായി ന്യൂഡല്‍ഹിയിലെ ശ്രീറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലേക്ക് അയച്ചു. പഠന റിപ്പോര്‍ട്ട് പ്രകാരം ബത്തിന്‍ഡയില്‍ നിന്നും ശേഖരിച്ച കുഴല്‍കിണറിലെ വെള്ളത്തിലാണ് നോനൈല്‍ഫെനോളിന്റെ ഏറ്റവും ഉയര്‍ന്ന സാന്ദ്രത കണ്ടെത്തിയത്.

ജലാശയങ്ങളിലേക്കും പരിസ്ഥിതിയുടെ മറ്റുഭാഗങ്ങളിലേക്കും നോണ്‍ലിഫെനോള്‍ പുറംതള്ളുന്നത് തടയുന്നതിനായി ഡിറ്റര്‍ജന്റുകളിലും മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളിലുമുള്ള നോണ്‍ലിഫെനോളിന്റെ സാന്നിധ്യം കുറക്കണം. എന്നാല്‍ ഇത്തരത്തില്‍ ഒരു നിയന്ത്രണവും നിലവില്‍ രാജ്യത്ത് നടപ്പാക്കിയിട്ടില്ലെന്നതാണ് വസ്തുത.