കമല്‍ഹാസന്‍ പിന്മാറിയതോടെ ആധിയകന്നു; കോയമ്പത്തൂര്‍ സീറ്റുറപ്പിച്ച് സിപിഎം; അണ്ണാമലൈയിലൂടെ പിടിച്ചെടുക്കാന്‍ ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കല നീതി മയ്യം ഒരുസീറ്റിലും മത്സരിക്കില്ലെന്ന കമല്‍ഹാസന്റെ പ്രഖ്യാപനത്തില്‍ സിപിഎമ്മിന് ആശ്വാസം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പ് കമല്‍ഹാസന്‍തന്നെയാണ് പറഞ്ഞത്. ഡിഎംകെ മുന്നണിയില്‍ ചര്‍ച്ചചെയ്യാതെയാണ് അന്ന് പ്രഖ്യാപനം നടത്തിയത്.

ഇതിനെതിരെ സിപിഎം രംഗത്ത് വന്നിരുന്നു. കോയമ്പത്തൂര്‍സീറ്റ് വിട്ടുതരില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. കമല്‍ഹാസനുവേണ്ടി സീറ്റ് വെച്ചുമാറില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചായിരിക്കാം കമല്‍ഹാസന്റെ പുതിയ തീരുമാനമെന്ന് പറയുന്നു.

സിപിഎമ്മിന്റെ മധുരയില്‍ സിറ്റിങ് എംപി എസ്. വെങ്കടേശന്‍ വീണ്ടും മത്സരിക്കാനാണ് സാധ്യത. കോയമ്പത്തൂരില്‍ മൂന്നുതവണ മത്സരിച്ച പിആര്‍ നടരാജന്‍ മാറി നില്‍ക്കാനാണ് സാധ്യത. പകരം ജില്ലാസെക്രട്ടറി സി. പത്മനാഭന്‍ മത്സര രംഗത്ത് ഇറങ്ങിയേക്കും.

അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കും വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് കോയമ്പത്തൂര്‍.
ബിജെപിക്കു വേണ്ടി അണ്ണാമലൈയോ വാനതി ശ്രീനിവാസനോ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍മാറ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചെങ്കിലും തമിഴ്‌നാട്ടില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കുകയെന്ന തീരുമാനത്തിലാണ് അണ്ണാമലൈ മത്സരത്തിന് ഇറങ്ങുന്നത്.

Read more

ബിജെപി സ്ഥാനാര്‍ഥി ജയിക്കുകയും മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തുകയും ചെയ്താല്‍ കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാക്കാവുന്ന മണ്ഡലമാണു കോയമ്പത്തൂര്‍. നീലഗിരിയാണു ബിജെപിക്കു പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം.