'ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണം'; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സി.പി.എം; കേരള നേതാക്കളുടെ വിമര്‍ശനങ്ങള്‍ തള്ളി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മറ്റി. യാത്രയെക്കുറിച്ചുള്ള കേരള നേതാക്കളുടെ വിമര്‍ശനം ഉള്‍പ്പെടുത്താതെയാണ് സിപിഎം കേന്ദ്ര കമ്മറ്റി രാഷ്ട്രീയരേഖ അംഗീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഭാരത് ജോഡോ യാത്ര മികച്ച പ്രതികരണമുണ്ടാക്കി. കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനും ജനബന്ധം വീണ്ടെടുക്കാനുള്ള ശ്രമമായി ഭാരത് ജോഡോ യാത്രയെ കാണണം. ബി.ജെ.പി ശക്തികേന്ദ്രങ്ങളിലെത്തുമ്പോള്‍ യാത്രയുടെ പ്രതികരണമെന്താണെന്ന് നോക്കണമെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.

ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്നും പല നേതാക്കളും ബിജെപിയിലേക്ക് പോകുന്നുണ്ട്. ആ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായാണ് രാഹുലിന്റെ യാത്രയെ കാണുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരില്‍ സമാപിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര. രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായാണ് യാത്രയെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.
തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണമാണ് യാത്രക്ക് ലഭിച്ചത്.

Read more

2023 ജനുവരി 23 ന് ഭാരത് ജോഡോ യാത്ര കശ്മീരില്‍ സമാപിക്കും. 3,570 കിലോമീറ്റര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം 100-ലധികം ഭാരത് യാത്രികരാണ് പങ്കെടുക്കുന്നത്. നിലവില്‍ മഹാരാഷ്ട്രയിലെ അകോലയിലാണ് രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും പര്യടനം നടത്തുന്നത്. 70 ദിവസം കൊണ്ട് യാത്ര ആറ് സംസ്ഥാനങ്ങളും 30 ജില്ലകളും പിന്നിട്ടു. പദയാത്ര കശ്മീരിലെത്താന്‍ 1633 കിലോമീറ്റര്‍ കൂടി ബാക്കിയുണ്ട്.