പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന: ഒറ്റ ദിവസത്തിനിടെ 8,822 രോഗികൾ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൻ വൻ വർദ്ധന. ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. 15 പേർ മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാൾ 2,228 പേർക്കാണ് കൂടുതലായി രോഗബാധ. മുൻ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. 5718 പേർ രോഗമുക്തരായി. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ മാത്രം 1118 പേർക്കാണ് മഹാരാഷ്ട്രയിൽ 2956 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവുമായി വർധിച്ചു. മെയ് പത്തിന് ശേഷമുള്ള തലസ്ഥാനഗരിയിലെ ഏറ്റവും ഉയർന്ന വർധനവാണിത്. പരിശോധനകളുടെ എണ്ണം 8,700ൽ നിന്ന് 17,000മായി ഉയർന്നതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് ഡൽഹി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഗണ്യമായ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ കേരളം, തെലങ്കാന, ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളിലെയും കണക്ക് കുത്തനെ ഉയർന്നു. അതിനിടെ മുംബൈയിൽ ഒമൈക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ബിഎ4, ബിഎ5 എന്നിവയാണ് കണ്ടെത്തിയത്.

കേരളത്തിൽ ഇന്നലെ രോ​ഗം സ്ഥീരീകരിച്ചത് മൂവായിരത്തിലധികം പേർക്കാണ്. ഫെബ്രുവരി 26ന് ശേഷം രോഗികളുടെ എണ്ണം മൂവായിരം കടന്നത് ഇന്നലെയാണ്. കോവിഡ് രോഗികളുടെ വർധനവ് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.