ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി എം.പിമാരായ ഡീന്‍ കുര്യാക്കോസും ടി.എന്‍ പ്രതാപനും നടുക്കളത്തിലിറങ്ങി

ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പിമാരായ ഡീന്‍ കുര്യക്കോസും ടി.എന്‍ പ്രതാപനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരും നടന്നു. അതേസമയം മന്ത്രിക്കെതിരെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയ എം.പിമാര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി.

ഉന്നാവൊ, ഹൈദരാബാദ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോക്സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലെന്നും പകരം മന്ത്രി സ്മൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍ സഭയെ അറിയിച്ചു.

എന്നാല്‍ സ്മൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ഇതിനെതിരെ സ്മൃതി ഇറാനി പ്രതികരിച്ചു. താനൊരു സ്ത്രീയായതു കൊണ്ടാണോ താന്‍ പറയുന്നത് കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതെന്ന് സ്മൃതി ഇറാനി ചോദിച്ചു. മാത്രമല്ല ബലാത്സംഗ കേസുകളെ രാഷ്ട്രീയവത്കരിച്ച ബംഗാളിലെ സാഹചര്യം അവര്‍ ഉയര്‍ത്തിക്കാട്ടി. ഇതിനിടെ ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചത് സഭയില്‍ മന്ത്രിയും എംപിമാരും തമ്മിലുള്ള രൂക്ഷമായ വാക്പോരിന് ഇടയാക്കുകയായിരുന്നു.

അതേസമയം, എം.പിമാര്‍ മന്ത്രിയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന്  ബി.ജെ.പി എം.പിമാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് എം.പിമാര്‍ മന്ത്രിയോട് മാപ്പ് പറയണമെന്നും ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് വിഷയത്തില്‍ നിലപാടറിയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു. എന്നാല്‍ എം.പിമാര്‍ മാപ്പ് പറയില്ലെന്നും വിഷയത്തില്‍ സ്പീക്കര്‍ നടപടിയെടുക്കട്ടെയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.