ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗം മതപരിവര്‍ത്തനമെന്ന് ആരോപണം, അക്രമം അഴിച്ചുവിട്ട് ബജ്‌റംഗ്ദള്‍; ഏഴ് പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ അമലേശ്വറില്‍ നടന്ന ക്രിസ്ത്യന്‍ പ്രാര്‍ഥന യോഗത്തിനെത്തിയവരെ അക്രമിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഏഴുപേര്‍ക്ക് പരുക്കേറ്റു. ദന്തഡോക്ടറായ വിജയ്‌സാഹുവിന്റെ വീട്ടില്‍ നടന്ന പ്രാര്‍ഥനായോഗത്തിന് നേരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ അക്രമം അഴിച്ചുവിട്ടത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മണ്ഡലമായ പഠാനിലാണ് അക്രമമുണ്ടായ അമലേശ്വര്‍. ഏപ്രില്‍ 30ന്, ഞായറാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെ ലാത്തിയും ആയുധങ്ങളുമായെത്തിയ 40 അംഗ സംഘം പ്രാര്‍ഥന നടക്കുന്ന വീടിന്റെ കതക് തുറക്കാന്‍ ആവശ്യപ്പെട്ട് ജനലില്‍ തട്ടി.

തുറക്കാതിരുന്നതിനെ തുടര്‍ന്ന് ചവിട്ടി പൊളിച്ചെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു. ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ച അക്രമിസംഘം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സിസിടിവി നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൈപ്പ് വെള്ളം വീടിനുള്ളിലേക്ക് തുറന്ന് വിട്ടു.

അക്രമം ഉണ്ടായ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അരമണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്താന്‍ തയ്യാറായതെന്നും അക്രമികളെ രക്ഷപെടാന്‍ അനുവദിച്ചെന്നും ആക്ഷേപമുണ്ട്. അനുവാദമില്ലാതെ സംഘം ചേര്‍ന്നുവെന്ന് ആരോപിച്ച് പരാതിക്കാരന്റെ ഭാര്യ ഉള്‍പ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം ആരോപിച്ചു.