അണ്ണാമലൈയുടെ പദയാത്ര തടഞ്ഞു; അനുമതിയില്ലെങ്കിലും ചെന്നൈ നഗരത്തില്‍ കയറുമെന്ന് ബിജെപി; സംഘര്‍ഷ സാധ്യത; പൊലീസ് മേധാവി യോഗം വിളിച്ചു

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ നയിക്കുന്ന പദയാത്രയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്. ‘എന്‍ മണ്ണ്, എന്‍ മക്കള്‍’ യാത്ര ചെന്നൈ നഗരത്തില്‍ രപവേശിക്കരുതെന്നാണ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. പൊലീസ് അനുമതി നിക്ഷേധിച്ചെങ്കിലും പദയാത്രയുമായി മുന്നോട്ട് പോകുന്നതിനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പദയാത്ര ചെന്നൈ നഗരത്തില്‍ കയറുമെന്നും ബിജെപി വ്യക്തമാക്കി. പൊലീസിനെ വെല്ലുവിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ നഗരത്തില്‍ സംഘര്‍ഷ സാധ്യതയാണുള്ളത്.

അണ്ണാമലൈയുടെ ‘എന്‍ മണ്ണ്, എന്‍ മക്കള്‍’ യാത്ര ചെന്നൈ നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ എന്തുനടപടിയെടുക്കണമെന്നതിനെക്കുറിച്ച് പോലീസ് മേധാവികള്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള അടിയന്തര യോഗം ചെന്നൈയില്‍ നടക്കുകയാണ്.

പദയാത്രയുടെ ഭാഗമായി വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പങ്കെടുക്കുന്നുണ്ട്. അല്പനേരം അദ്ദേഹം പദയാത്രയുടെ ഭാഗമാവുകയും ചെയ്യും. ഇതിന്റെ ഭാഗമായി ഷോളിംഗനല്ലൂര്‍, പെരുങ്കുടി, നന്ദനം എന്നിവിടങ്ങളില്‍ പൊതുസമ്മേളനവും പദയാത്രയും നടത്താനാണ് നേരത്തെ ബിജെപി അനുമതി തേടിയിരുന്നത്. എന്നാല്‍, അത് പൊലീസ് നിഷേധിക്കുകയായിരുന്നു.

നഗരത്തില്‍ പദയാത്ര നടത്തുന്നത് ഗതാഗതസ്തംഭനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ബി.ജെ.പി. അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്നലെ വൈകിട്ടോടെ ഇതും തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസിനെ വെല്ലുവിളിച്ച് നഗരത്തില്‍ കയറാനായി പദയാത്ര തയാറായി നിലക്കുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനുമതിയില്ലാതെ പദയാത്ര നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി. നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം ജൂലായില്‍ രാമേശ്വരത്തുനിന്നാണ് കെ അണ്ണാമലൈ പദയാത്ര തുടങ്ങിയത്. പദയാത്രയുടെ സമാപനപരിപാടി 25-ന് തിരുപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.