ഡല്‍ഹിയില്‍ വളഞ്ഞവഴിയിലൂടെ ഭരണം പിടിക്കാന്‍ കേന്ദ്രം; കെജരിവാള്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ എടുത്ത് മാറ്റി; ഡല്‍ഹി ലഫ്. ഗവര്‍ണറുടെ അധികാരം വിപുലപ്പെടുത്തി

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വളഞ്ഞ വഴിയിലൂടെ കവര്‍ന്നെടുത്ത് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെക്കാള്‍ അധികാരം ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയ്ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡല്‍ഹിയില്‍ വിവിധ കമ്മീഷനുകള്‍, ബോര്‍ഡ്, അഥോറിറ്റി, നിയമപരമായ സംവിധാനം തുടങ്ങിയവ രൂപീകരിക്കാനുള്ള അധികാരം ലഫ്. ഗവര്‍ണര്‍ക്കു നല്‍കി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സംസ്ഥാന സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമായിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. വളഞ്ഞ വഴിയിലൂടെ ഡല്‍ഹിയിലെ ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും ഇതിനായി രാഷ്ട്രപതിയെ അവര്‍ കൂട്ടുപിടിക്കുകയാണെന്നും ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയിരുന്നു.
ക്രമസമാധാനം, പോലീസ്, ഭൂമി എന്നിവയൊഴികെ ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിയമനാധികാരം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു പിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം നടത്തിയത്.