കാവേരിയില്‍നിന്ന് ഒരിറ്റ് ജലം തമിഴ്‌നാടിന് നല്‍കില്ല; നാളെയും വെള്ളിയാഴ്ച്ചയും കര്‍ണാടകയില്‍ ബന്ദ്; പിന്തുണച്ച് കെഎസ്ആര്‍ടിസിയും ഒലയും; നിരത്തിലും നദിയിലുമിറങ്ങി ജനം

കാവേരി നദിജല തര്‍ക്കം കര്‍ണാടകയെ വീണ്ടും കത്തിക്കുന്നു. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ചൊവ്വാഴ്ച ബന്ദിന് വിവിധ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. ബെംഗളൂരു, ഓള്‍ഡ് മൈസൂരു മേഖലയിലാണ് ബന്ദ്. കാവേരി നദീതീര ജില്ലകളായ മൈസൂരു, മണ്ടിയ, രാമനാഗര ജില്ലകളെയും ബെംഗളൂരുവിനെയും ബന്ദ് സാരമായി ബാധിച്ചേക്കും.

അതേസമയം, കാവേരി നദിജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് തീവ്ര കന്നഡ സംഘടനകളും രംഗത്തെത്തി. ചൊവ്വാഴ്ച ബംഗളുരു നഗരത്തില്‍ കര്‍ണാടക ജലസംരക്ഷണസമിതി ആഹ്വാനം ചെയ്ത ബന്ദിന് പുറമെയാണ് സംസ്ഥാനവ്യാപക ബന്ധിന് ആഹ്വാനം.

കര്‍ണാടകയിലെ 175 ഓളം സംഘടനകളാണ് നാളത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ദില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പടെ തടസപ്പെട്ടേക്കും. കര്‍ണാടക ആര്‍ടിസി, ബിഎംടിസി ബസ്സ് ജീവനക്കാരുടെ സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കെഎസ്ആര്‍ടിസി, ബിഎംടിസി ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന് 15 ദിവസത്തേക്ക് 5000 ക്യൂസെക് വീതം അധികജലം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ജലം വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായത്.

അതിനിടെ ശക്തമായ പ്രതിഷേധമാണ് ചൊവ്വാഴ്ചയിലെ ബംഗളുരു ബന്ദിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.പതിനഞ്ചോളം സംഘടകളാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സ്‌കൂളുകളും കോളേജുകളും ഐടി കമ്പനികളും അവധി നല്‍കി ബന്ദിനോട് സഹകരിക്കണമെന്ന് കര്‍ഷക സംഘടനാ നേതാവ് കുറുബുറു ശാന്തകുമാര്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓല ചൊവ്വാഴ്ച സര്‍വീസ് നടത്തില്ല. സ്‌കൂള്‍-കോളജുകള്‍ അടച്ചിട്ട് ബന്ദിനെ അനുകൂലിക്കാനാണ് സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്റുകളുടെ തീരുമാനം. എന്നാല്‍, മെട്രോ – റെയില്‍ സേവനങ്ങള്‍ തടസപ്പെടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.