തമിഴിലെ പ്രമുഖ നടനും മുന്‍ എംഎല്‍എയുമായ കരുണാസില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് വെടിയുണ്ടകള്‍ പിടിച്ചെടുത്തു. തിരുച്ചിറപ്പള്ളിയിലേക്ക് പോകാനാണ് താരം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. 40 വെടിയുണ്ടകളാണ് കരുണാസില്‍ നിന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
പരിശോധനയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിക്കുന്നതിനിടെയാണ് അപായ സൈറണ്‍ മുഴങ്ങിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരുണാസിന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള കരുണാസിന്റെ യാത്ര തടഞ്ഞ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read more
ചോദ്യം ചെയ്യലില്‍ കരുണാസിന്റെ തോക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ദിണ്ടുക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെന്നും വെടിയുണ്ടകള്‍ ബാഗില്‍ മറന്നുവച്ചതാണെന്നും മൊഴി നല്‍കി. തോക്ക് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയതോടെ ദിണ്ടുക്കല്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട അധികൃതര്‍ കരുണാസിന്റെ മൊഴി ശരിയാണെന്ന് ഉറപ്പുവരുത്തി.