കുരങ്ങുകളുടെ സന്തതികളാണെന്ന് സ്വയം അവകാശപ്പെടുന്നവരോട് തര്‍ക്കത്തിനില്ല, പക്ഷേ ഞങ്ങള്‍ ഋഷികളുടെ മക്കളാണ്; പരിണാമ സിദ്ധാന്തത്തിനെതിരെ വീണ്ടും ബിജെപി എംപി

പരിണാമസിദ്ധാന്തം ശുദ്ധ മണ്ടത്തരമെന്ന് ബിജെപി എംപി സത്യപാല്‍ സിംഗ്. നമ്മുടെ ഭരതീയ സംസ്‌കാരം പഠിപ്പിച്ചിരിക്കുന്നത് നമ്മള്‍ ഋഷി വര്യന്മാരുടെ പിന്‍തലമുറക്കാരാണെന്നാണ്. അല്ലാതെ കുരങ്ങുകളുടെയല്ല. എന്നാല്‍ കുരങ്ങുകളുടെ സന്തതികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരോട് ഒരു തര്‍ക്കത്തിനൊന്നും ഞാനില്ല. ലോക്‌സഭയില്‍ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ സത്യപാല്‍ പറഞ്ഞു.

സത്യപാലിന്റെ വാദത്തിനെ പരിഹസിച്ചുകൊണ്ട് ഡിഎംകെ എംപി കനിമൊഴിയും തന്റെ അഭിപ്രായം വ്യക്തമാക്കി. എന്റെ പൂര്‍വ്വികര്‍ ഋഷികളൊന്നുമല്ല. ഹോമോ സാപ്പിയന്‍സാണെന്ന് സയന്‍സ് പറയുന്നു. മാത്രമല്ല അവര്‍ ശൂദ്രരുമാണ് കനിമൊഴി പറഞ്ഞു.

മുമ്പും പരിണാമസിദ്ധാന്തം തെറ്റാണെന്ന് സത്യപാല്‍ സിംഗ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡാര്‍വിന്റെ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ മനുഷ്യന്‍ മനുഷ്യന്‍ തന്നെയായിരുന്നു കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ സത്യപാല്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. അഖിലേന്ത്യാ വൈദിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇവിടെയെത്തിയത്.