കാലാപാനി സിനിമയിൽ ഷൂ നാവുകൊണ്ട് വൃത്തിയാക്കുന്ന സീൻ ചെയ്തതിനെ കുറിച്ച് മനസുതുറന്ന് നടൻ മോഹൻലാൽ. തന്റെ എറ്റവും പുതിയ ചിത്രമായ കണ്ണപ്പയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. കണ്ണപ്പയിലെ നായകൻ വിഷ്ണു മഞ്ചുവാണ് മോഹൻലാലിനോട് ഇക്കാര്യം ചോദിച്ചത്. കാലാപാനി സിനിമയിൽ എങ്ങനെ ഇത്തരം ഒരു സീൻ ചെയ്യാമെന്ന് സമ്മതിച്ചുവെന്നാണ് വിഷ്ണുവിന് അറിയേണ്ടത്. സിനിമയിൽ മിർസ ഖാൻ എന്ന കഥാപാത്രത്തിന്റെ ഷൂവാണ് മോഹൻലാൽ ചെയ്ത ഗോവർദ്ധൻ മേനോൻ നാവ് കൊണ്ട് വൃത്തിയാക്കുന്നതായി കാണിക്കുന്നത്.
“കഥാപാത്രമാണ് അത് ചെയ്യുന്നതെന്നും അപ്പോൾ അത് അഭിനയിക്കുകയല്ലാതെ നിങ്ങൾക്കുമുന്നിൽ മറ്റൊരു ചോയ്സ് ഇല്ലെന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. കഥാപാത്രം ആവശ്യപ്പെടുമ്പോൾ തടയാൻ പറ്റില്ല. അത് ആ കഥാപാത്രത്തിന്റെ അവസ്ഥയാണ്. നിങ്ങൾ അത് ചെയ്തേ പറ്റൂ. ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിലുളളത്. കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുകയാണെങ്കിൽ അത് ചെയ്തേ പറ്റൂവെന്നും” മോഹൻലാൽ വ്യക്തമാക്കി.
Read more
മോഹൻലാൽ പ്രിയദർശൻ കൂട്ടികെട്ടിൽ 1996ലാണ് കാലാപാനി പുറത്തിറങ്ങിയത്. ചിത്രം ഡബ് ചെയ്ത് മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി ഇപ്പോഴും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന സിനിമയാണ് കാലാപാനി. ടി. ദാമോദരന്റെയും പ്രിയദർശന്റെയും തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് നേടിയത്. മോഹൻലാലിന് പുറമെ പ്രഭു, അമരീഷ് പുരി, തബു, ശ്രീനിവാസൻ ഉൾപ്പെടെയുളള താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു