ബിഹാറിലെ കോണ്‍ഗ്രസിന്റെ 'പാഡ്മാന്‍' നമ്പറേല്‍ക്കുമോ?; സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ബിഹാറില്‍ സാനിട്ടറി പാഡിലെ രാഹുല്‍ ഗാന്ധിയുടെ മുഖം തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നത്. ആര്‍ത്തവ ശുചിത്വം അവബോധം ഉണ്ടാക്കാനായി കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറില്‍ നടത്തിയ സാനിട്ടറി പാഡ് വിതരണമാണ് രാഷ്ട്രീയ ലോകത്തെ പ്രധാന പ്രശ്‌നം. ബിജെപിയ്ക്കാണ് കോണ്‍ഗ്രസിന്റെ പാഡ്മാന്‍ തന്ത്രം അത്ര രസിക്കാത്തത്. പാഡ് വിതരണമോ തിരഞ്ഞെടുപ്പ് തന്ത്രമോ ഒന്നുമല്ല ബിഹാറിലെ ബിജെപിയ്ക്ക് പ്രശ്‌നമായി തോന്നിയത്. പ്രശ്‌നം സാനിട്ടറി പാഡിലെ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ്.

രാഹുല്‍ ഗാന്ധി എന്ന പുരുഷന്റെ ചിത്രം പാഡ് പാക്കറ്റിന്റെ മുകളില്‍ കൊടുത്തത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും ബിഹാറിലെ സ്ത്രീകള്‍ കോണ്‍ഗ്രസിനേയും കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡിയേയും പാഠം പഠിപ്പിക്കുമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സ് പ്ലാറ്റ്ഫോമില്‍ പ്രതികരിക്കുകയും ചെയ്തു. ബിഹാറിലെ അഞ്ച് ലക്ഷം സ്ത്രീകള്‍ക്കാണ് പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കോണ്‍ഗ്രസ് പാഡ് വിതരണം ചെയ്തത്.

ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ വെള്ളിയാഴ്ച വാര്‍ത്ത സമ്മേളനത്തിലൂടെ കോണ്‍ഗ്രസിന്റെ ക്യാമ്പെയ്‌നെ കുറിച്ച് അറിയിക്കുകയും മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാഡ് വിതരണം ചെയ്യുമെന്നും ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് അവബോധം വളര്‍ത്താന്‍ വേണ്ടത് ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തതാണ്. ഒപ്പം അധികാരത്തിലെത്തിയാല്‍ മായി ബഹന്‍ മാന്‍ യോജനയിലൂടെ പ്രതിമാസം 2,500 രൂപ സ്ത്രീകള്‍ക്ക് ലഭ്യമാക്കുമെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും നയിക്കുന്ന പ്രതിപക്ഷത്തുള്ള മഹാഗഥ്ബന്ധന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ ആല്‍ക ലാംബ കഴിഞ്ഞ കുറച്ചുനാളുകളായി തന്നെ ബിഹാറിലെ ആര്‍ത്തവ ശുചിത്വ പ്രശ്‌നങ്ങളെ കുറിച്ചും സ്‌കൂളുകളില്‍ സാനിട്ടറി നാപ്കിന്‍ സൗകര്യം ഇല്ലാത്തതിനെ കുറിച്ചും ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ബിഹാറിലെ 80 ശതമാനം പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ സമയത്ത് പാഡ് കിട്ടുന്നില്ലെന്നതും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 40,000 സ്‌കൂളുകളുള്ള ബിഹാറില്‍ 350 സ്‌കൂളുകളില്‍ മാത്രമാണ് സാനിട്ടറി പാഡ് ലഭ്യമാക്കാനുള്ള സൗകര്യം ഉള്ളതെന്നും ആല്‍ക്ക ലാംബ വിമര്‍ശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി പ്രഖ്യാപിച്ച പാഡ് വിതരണം കോണ്‍ഗ്രസ് നടത്തിയത്. പക്ഷേ സാനിട്ടറി നാപ്കിന്‍ കവറില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം കണ്ടതോടെ സ്ത്രീകളെ അപമാനിച്ചുവെന്ന് പറഞ്ഞാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വിമര്‍ശനം ഉയര്‍ന്നത്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രചാരണത്തെ കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാനും അപലപിച്ചു, സാനിറ്ററി പാഡില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വയ്ക്കുന്നത് ‘അനുചിതമായ’ തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സാനിട്ടറി പാഡില്‍ പുരുഷനായ രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്ളത് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നാണ് ബിജെപി സഖ്യകക്ഷി ജെഡിയുവിന്റെ എംഎല്‍സിയും വക്തവുമായ നീരജ് കുമാര്‍ പറഞ്ഞത്. ഇനി ബിജെപി വക്താവ് കുണ്ഡല്‍ കൃഷ്ണ പറയുന്നത് ബീഹാറിലെ സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ച് ആശങ്കാകുലരായ കോണ്‍ഗ്രസ് അതിന്റെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണ് സാനിട്ടറി നാപ്കിന്‍ വിഷയത്തില്‍ തെളിയിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. രാഹുല്‍ ഗാന്ധിക്ക് മാന്യതയുടെ അഭാവത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധിയുണ്ടെന്നും ഈ സ്വഭാവം പാര്‍ട്ടിയെ ബാധിച്ചതായി തോന്നുന്നുവെന്നും കൃഷ്ണ പറയുന്നു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബയും രംഗത്തെത്തി. ഇനിയും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ തുണി ഉപയോഗിക്കണമെന്നാണോ വിമര്‍ശിക്കുന്നവരുടെ ആഗ്രഹമെന്നാണ് അവര്‍ തിരിച്ചടിച്ചത്. ഈ ആധുനിക കാലത്ത് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പായ്ക്കറ്റുകളില്‍ പതിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യം അല്ല ഉയരേണ്ടത്. പകരം ബിഹാറിലെ പെണ്‍മക്കള്‍ ഇപ്പോഴും ആര്‍ത്തവകാലത്ത് തുണി ഉപയോഗിച്ച് അസുഖബാധിതരാകാന്‍ നിര്‍ബന്ധിതരാകുന്നത് എന്ത് കൊണ്ടെന്ന ചോദ്യമാണ് ഉയരേണ്ടത്. ബിജെപി എപ്പോഴും സ്ത്രീവിരുദ്ധ മനോഭാവമുളള പാര്‍ട്ടിയാണെന്നും ആല്‍ക്ക തുറന്നടിച്ചു.

രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങളാണ് ഇക്കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലെല്ലാം കണ്ടത്. ബിജെപി പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വിജയിച്ച ഒരു തന്ത്രം അല്‍പം വേറിട്ട രീതിയില്‍ കോണ്‍ഗ്രസ് പ്രയോഗിച്ചതാണ് ഇപ്പോള്‍ ബിജെപിയെ ചൊടിപ്പിച്ചതെന്ന് വേണം പറയാന്‍. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഏകദേശം രണ്ട് കോടി സ്ത്രീകളിലേക്കെത്തുന്ന മഹിള സംവാദ് എന്ന പദ്ധതി ഇപ്പോള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബിജെപി അവസാനം ജയിച്ചുകയറിയ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി മാജി ലഡ്കി ബഹിന്‍ യോജന ഉണ്ടായിരുന്നു. ഛത്തീസ്ഗഡിലെ ബിജെപി വിജയത്തിന് പിന്നില്‍ മഹാതരി വന്ദന്‍ യോജന ഉണ്ടായിരുന്നു. മധ്യപ്രദേശില്‍ ബിജെപി മുഖ്യമന്ത്രി ലാഡ്‌ലി ബഹ്ന യോജനയാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. അങ്ങ് കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം ഉജ്ജ്വല യോജന പദ്ധതിയുടെ ഭാഗമായി ഗ്യാസ് സിലിണ്ടര്‍ ചിത്രം സ്ത്രീകള്‍ക്ക് നല്‍കുന്ന ചിത്രം പമ്പുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ബന്ധം പോലുമുണ്ടായിരുന്ന കാലമാണിത് എന്ന് ഓര്‍ക്കണം. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പോലും ചിരിച്ചു നില്‍ക്കുന്ന മോദിയുണ്ടായിരുന്ന ഇടത്താണ് കോണ്‍ഗ്രസിന്റെ പാര്‍ട്ടിയും പ്രവര്‍ത്തകരും നടത്തിയ ഒരു പദ്ധതിയില്‍ രാഹുല്‍ ഗാന്ധിയുടെ പടം വന്നത് ബിജെപിയെ ചൊടിപ്പിക്കുന്നത് എന്നത് വിചിത്രമാണ്. ഇനി ബിജെപിക്കാര്‍ക്ക് മനുസ്മൃതി കാലത്തേത് പോലെയുള്ള ചിന്താഗതിയാണെങ്കിലും ബാക്കിയുള്ളവര്‍ക്ക് പൊതിഞ്ഞു പിടിച്ചു നാപ്കിന്‍ കൊണ്ടു നടക്കേണ്ട സമയമൊക്കെ എന്നേ കഴിഞ്ഞതാണ്.

Read more