ഖാർഗെയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ബി.ജെ.പി നീക്കം; ശബ്ദസന്ദേശം പുറത്തുവിട്ട് കോൺഗ്രസ്

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുബാംഗങ്ങളെയും കൊലപ്പെടുത്താൻ ബിജെപി നേതാക്കൾ  ഗൂഡാലോചന നടത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടേയും  പ്രിയങ്കരനായ ശിഷ്യനായ ബിജെപിയുടെ ചിറ്റാപൂരിലെ സ്ഥാനാർഥിയുടെ  ശബ്ഗരേഖയിൽ ഗൂഢാലോചന വ്യക്തമാണെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഇതു  സംബന്ധിച്ച് ബിജെപിയുടെ ചിറ്റാപൂരിലെ സ്ഥാനാർഥി മണികണ്ഠ റാത്തോഡിന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശവും  കോൺഗ്രസ് പുറത്ത് വിട്ടു. ഖാർഗെയുടെ ഉയർച്ച ബിജെപിക്ക് ഇഷ്ടപ്പെടുന്നില്ല. കർണാടക മണ്ണിന്റെ പുത്രനാണ് ഖാർഗെ. അദ്ദേഹത്തോട് കേന്ദ്ര- സംസ്ഥാന  ബിജെപി നേതൃത്വത്തിലുള്ള ചിലർക്ക് വിദ്വേഷമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.

ദളിതനായ ഒരു ഫാക്ടറി തൊഴിലാളിയുടെ മകനായി ജനിച്ച ഖാർഗെ നേതാവായി ഉയർന്നു വരുന്നത് അവർക്ക് ഇഷ്ടപ്പെടുന്നില്ലെന്നും രൺദീപ് സുർജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിജെപി നേതാക്കൾ മല്ലികാർജുൻ ഖാർഗയെയും കുടുംബത്തെയും ഇല്ലാതെയാക്കാൻ  പദ്ധതികൾ ഉണ്ടാക്കുകയാണ്.

Read more

കന്നഡക്കാരുടെ സർവപിന്തുണയും ഖാർഗെക്കും കോൺഗ്രസിനും ഉണ്ട്. ബിജെപി കർണാടകയിലെ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും കോൺഗ്രസ് നേതാവ് പറയുന്നു. ഖാർഗെയുടെ  മകൻ പ്രിയങ്ക്  ഖാർഗ മത്സരിക്കുന്ന ചിറ്റാപൂർ മണ്ഡലത്തിലെ സ്ഥാനാർഥായാണ് മണികണ്ഠൻ റാത്തോഡ്. ഇയാൾക്കെതിരെ മുപ്പതിലേറെ ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.