ബില്‍ക്കീസ് ബാനു കേസ്; സുപ്രീംകോടതി വിധിയ്‌ക്കെതിരെ ഹര്‍ജിയുമായി പ്രതികള്‍

ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ഹര്‍ജിയുമായി കേസിലെ പ്രതികള്‍. കേസിലെ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി തെറ്റാണെന്നാണ് ഹര്‍ജിയില്‍ കുറ്റവാളികള്‍ ആരോപിക്കുന്നത്.

കേസിലെ 11 പ്രതികളില്‍ രാജുഭായ് ബാബുലാല്‍, രാധേശ്യാം ഭഗവാന്‍ദാസ് എന്നിവരാണ് സുപ്രീംകോടതി വിധിയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ 11 പ്രതികളും ജയിലിലായിരുന്നു. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു.

Read more

വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയുകയെന്നും കോടതി നിരീക്ഷിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെയാണ് ശിക്ഷ അവസാനിക്കുന്നതിന് മുന്‍പ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.