ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രധാന പ്രതി എന്‍ഐഎ കസ്റ്റഡിയില്‍

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടന കേസിലെ പ്രധാനപ്രതി എന്‍ഐഎ കസ്റ്റഡിയില്‍. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്നാണ് ഷബീര്‍ എന്ന പ്രതി പിടിയിലായത്. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എന്‍ഐഎ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്.

സംഭവത്തിന് ശേഷം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ കണ്ടെത്തിയെങ്കിലും ഇയാള്‍ മാസ്‌കും തൊപ്പിയും ധരിച്ച് മുഖം മറച്ചിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.

ടിഫിന്‍ ക്യാരിയറിലായിരുന്നു സ്‌ഫോടക വസ്തു ഉണ്ടായിരുന്നത്. പ്രതി ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെങ്കിലും അത് കഴിക്കാതെ ഇയാള്‍ ബാഗ് ഹോട്ടലില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.