നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ്: വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് അശോക് ലവാസ

നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത തുടരുന്നു. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തിയേ തീരൂ എന്ന് ലവാസ പറഞ്ഞു. ഇന്ന് കമ്മീഷന്‍ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് പരസ്യമാക്കിയിരിക്കുന്നത്.

ചട്ടലംഘനത്തിലെ നടപടി സുപ്രീം കോടതി ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, പെരുമാറ്റ ചട്ടലംഘന പരാതികളില്‍ ഏകപക്ഷീയമായാണ് മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയതെന്നാണ് ലവാസയുടെ വ്യക്തമാക്കിയത്. ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിലാണ് ലവാസ നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ചത്.

Read more

17-ാം ലോക്സഭ തിരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പത് തവണ ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണപ്രത്യാരോപണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലും ചേരിതിരിവുണ്ടാക്കിയത്. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവുസഹിതമുള്ള ആരോപണങ്ങള്‍ പരിശോധിച്ച ശേഷം കമ്മീഷന്‍ നല്‍കിയ ക്ലീന്‍ചിറ്റ് ആണ് ഇതിനിടയാക്കിയത്. ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ കമ്മീഷന്‍ അംഗത്തിന്റെ വിയോജിപ്പ് മിനിട്‌സില്‍ രേഖപ്പെടുത്താത്തതാണ് കമ്മീഷണര്‍ അശോക് ലവാസയെ പരസ്യ വിമര്‍ശനത്തിലെത്തിച്ചത്.