ആളെ കൂട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടപടിയുമായി കമ്മീഷന്‍; നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തു

തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ നിര്‍ദേശത്തിലാണ് അല്ലു അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്.

വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസ്. അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡിയും വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഡിയുടെ വസതിയില്‍ ഇന്നലെ എത്തിയിരുന്നു. ഇക്കാര്യം പുറത്തായതോടെ വന്‍ ജനക്കൂട്ടമാണ് വീടിന് വെളിയില്‍ തടിച്ച്കൂടിയത്. തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയിലുള്ള സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്. വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി. സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തു.