സുപ്രീംകോടതി സമിതിയിലെ അംഗങ്ങളെല്ലാം കാർഷിക നിയമങ്ങളെ പിന്തുണച്ചിരുന്നവർ

Advertisement

 

കർഷകരുടെ പ്രതിഷേധം പരിഹരിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും മുൻകാലങ്ങളിൽ കാർഷിക നിയമങ്ങളോട് അനുകൂല നിലപാട് സ്വീകരിച്ചവർ. സെപ്റ്റംബറിൽ പാർലമെന്റിൽ പാസാക്കിയ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട നിരവധി ഹർജികൾ പരിഗണിച്ച സുപ്രീംകോടതിയുടെ ഉത്തരവിലാണ് സമിതിയെ ഇന്ന് വൈകുന്നേരം നാമകരണം ചെയ്തത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കർഷകരുടെ ആവലാതികളും സർക്കാരിന്റെ വീക്ഷണങ്ങളും കമ്മിറ്റി ശ്രദ്ധിക്കുകയും ശിപാർശകൾ നൽകുകയും ചെയ്യുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

എന്നാൽ സമിതിയെ അംഗീകരിക്കില്ലെന്നും അവരുമായി ചർച്ച നടത്തില്ലെന്നും കർഷക സംഘങ്ങൾ അറിയിച്ചു. കാർഷിക നിയമങ്ങൾക്ക് അനുകൂലമായ നിലപാടെടുത്ത അംഗങ്ങളെയാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അവർ പറഞ്ഞു. “ഞങ്ങൾ ഈ സമിതിയെ അംഗീകരിക്കുന്നില്ല, ഈ സമിതിയിലെ എല്ലാ അംഗങ്ങളും സർക്കാർ അനുകൂലികളാണ്, ഈ അംഗങ്ങൾ കാർഷിക നിയമങ്ങളെ ന്യായീകരിച്ചിരുന്നവരാണ്,” പഞ്ചാബിൽ നിന്നുള്ള കർഷക യൂണിയനുകൾ പറഞ്ഞു.

ഭാരതീയ കിസാൻ യൂണിയന്റെയും അഖിലേന്ത്യാ കിസാൻ ഏകോപന സമിതിയുടെയും ദേശീയ പ്രസിഡന്റ് ഭൂപീന്ദർ സിംഗ് മൻ സമിതി അംഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ദക്ഷിണേഷ്യയുടെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ കൂടിയായ കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പർമോദ് കുമാർ ജോഷിയാണ് മറ്റൊരു അംഗം. കാർഷിക ചെലവ്‌ വില കമ്മീഷൻ മുൻ ചെയർമാനും കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞനുമായ അശോക് ഗുലാത്തിയാണ് മറ്റൊരു അംഗം. കാർഷിക നിയമങ്ങൾക്ക് അനുകൂലമായി മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുള്ള ഷെട്കരി സംഘതാന മേധാവി അനിൽ ഘൻവത് ആണ് നാലാമത്തെ അംഗം.

1999 മുതൽ 2001 വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായിരുന്ന അശോക് ഗുലാത്തി കാർഷിക നിയമങ്ങളെ പിന്തുണച്ച് ദേശീയ ദിനപത്രങ്ങളിൽ അഭിപ്രായങ്ങൾ എഴുതുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അനിൽ ഘൻവത് പ്രസിഡന്റ് ആയിട്ടുള്ള ഷെട്കരി സംഘതാന എന്ന മഹാരാഷ്ട്രയിൽ നിന്നുള്ള കൂട്ടായ്മ പുതിയ കാർഷിക നിയമങ്ങൾ വന്നപ്പോൾ അത് ആഘോഷിച്ചിരുന്നു.

പുതിയ നിയമങ്ങൾക്ക് പിന്തുണ അറിയിക്കുന്നതിനായി ഡിസംബറിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമറിനെ സന്ദർശിച്ച ഒരു കൂട്ടം കർഷകരുടെ ഭാഗമായിരുന്നു ഭൂപീന്ദർ സിംഗ് മൻ. സമിതിയിലെ നാലാമത്തെ അംഗമായ പർമോദ് കുമാർ ജോഷി പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് മുമ്പ് ഒന്നിലധികം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. “കാർഷിക നിയമങ്ങളിൽ എന്തെങ്കിലും വെള്ളം ചേർക്കുന്നത് ഉയർന്നുവരുന്ന ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യൻ കാർഷിക മേഖലയെ തടസ്സപ്പെടുത്തും,” എന്ന് ഫിനാൻഷ്യൽ എക്സ്പ്രസിനായി എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് മുഴുവൻ കാർഷിക മേഖലയ്ക്കും വിനാശകരമായിരിക്കും എന്നും പർമോദ് കുമാർ ജോഷി ഫിനാൻഷ്യൽ എക്സ്പ്രസിനായി എഴുതിയ മറ്റൊരു ലേഖനത്തിൽ പറയുന്നു.