'ഭര്‍ത്താവിന് എതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയിക്കും? അതിജീവിതയ്ക്ക് തിരിച്ചടി, ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വിചാരണ നടത്തുന്ന ജഡ്ജിയോട് വായ് അടച്ച് ഇരിക്കാന്‍ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി വ്യക്തമാക്കി.

ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്ന് കോടതി ചോദിച്ചു. ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ ?. ഇതിന് തെളിവുകളില്ല. ഹൈക്കോടതി തീരുമാനം എടുത്തതില്‍ സുപ്രീം കോടതി തീരുമാനം എടുക്കുന്നത് നല്ല കീഴ് വഴക്കമല്ല..ജുഡീഷ്യല്‍ ഉദ്യാഗസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്തരം ഹര്‍ജികള്‍ ഇടയാക്കില്ലേ എന്ന് ചോദിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

കോടതിമാറ്റണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കിയത്.

Read more

ഹണി എം.വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയില്‍ വാദിച്ചിരുന്നു.