വിമാനയാത്രക്കിടെ എസി പ്രവർത്തനം നിലച്ചു; വൈറലായി യാത്രക്കാരുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ

വിമാനയാത്രക്കിടെ എ സി പ്രവർത്തനം നിലച്ചതിനെ തുടർന്ന് ക്യാൻസർ രോഗി അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ആഴ്ച്ചയാണ് വിമാന യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ സംഭവം നടന്നത്. ഡെറാഡൂണിൽ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റിൻ്റെ  ജി8 2316 വിമാനത്തിലാണ്  എസി പ്രവർത്തനം രഹിതമായതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിയത്. ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. എ സി പ്രവർത്തന രഹിതമായതോടെ മൂന്ന് യാത്രക്കാർ ബോധരഹിതരാകുകയും, ക്യാൻസർ രോഗി അടക്കമുള്ള പല യാത്രക്കാർക്കും ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു.

ചിലർ ചൂട് സഹിക്കാനാകാതെ ദേഷ്യപ്പെടുകയും ചിലർ അടഞ്ഞ മുറിയിൽ അകപ്പെടുന്നതിൻറെ മാനസിക പ്രശ്നമായ ‘ക്ലോസ്ട്രോഫോബിയ’ മൂലം പരിഭ്രാന്തരാവുകയും ചെയ്തു. ടിവി അവതാരകയായ രോഷ്നി വാലിയ ആണ് വിമാനയാത്രയ്ക്കിടെ നടന്ന അസാധാരണ സംഭവം ട്വീറ്ററിലൂടെ പങ്കുവെച്ചത്. സംഭവം നടക്കുമ്പോൾ അവതാരക വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന.

‘എല്ലാവരും ചൂട് കൊണ്ട് കഷ്ടപ്പെടുകയാണ്. 5.30നാണ് ഫ്ളൈറ്റ് എടുത്തത്. ഇപ്പോൾ സമയം 6. 20 ആയിരിക്കുന്നു. ഇപ്പോഴും എസി പ്രവർത്തിക്കുന്നില്ല. ഒരു ക്യാൻസർ രോഗി ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ക്ലോസ്ട്രോഫോബിയ ആണ്. എ സി പ്രവർത്തിക്കുന്നില്ലെന്ന കാര്യം അറിയാമെങ്കിൽ ഇവർ ഫ്ളൈറ്റ് എടുക്കരുതായിരുന്നു. 12,000 രൂപയാണ് ഞങ്ങൾ ടിക്കറ്റിന് നൽകിയിരിക്കുന്നത്. എന്തിനാണത്? ദയവായി എന്തെങ്കിലും ചെയ്യൂ. ഗോ ഫസ്റ്റിനെതിരെ നടപടി സ്വീകരിക്കൂ…’- വീഡിയോയിൽ വിമാനയാത്രികയായ സ്ത്രീ പറയുന്നു.

വില കുറഞ്ഞ രീതിയിൽ വിമാനയാത്ര നടത്താമെന്ന പരസ്യത്തിലൂടെയാണ്ഗോ ഫസ്റ്റ് ശ്രദ്ധേയമായിട്ടുള്ളത്. അടുത്തിടെയായി ഇവരുടെ സർവീസുകൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിവാദം. സംഭവം അന്വേഷിക്കാമെന്ന് ഗോ ഫസ്റ്റ് വീഡിയോക്ക് താഴെ അറിയിച്ചെങ്കിലും പരാതിയുമായി കൂടുതൽ യാത്രക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്.