യു.പിയില്‍ തെരുവോര കച്ചവടക്കാരായ കശ്മീരികളെ ക്രൂരമായി മര്‍ദ്ദിച്ചു; സംഭവത്തിന് പിന്നില്‍ വിശ്വഹിന്ദു ദള്‍, ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ രണ്ട് കശ്മീരികളെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിച്ചു. തിരക്കുള്ള റോഡിലിരുന്ന് ഡ്രൈ ഫ്രൂട്ട് വില്‍ക്കുകയായിരുന്ന ഇവരെ തീവ്ര വലതുപക്ഷ സംഘടനകളില്‍ പെട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.

ലക്നൗവിലെ ഡാലിഗഞ്ചില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയ്ക്കായിരുന്നു സംഭവം. ഇതിന്റെ വീഡിയോ കൂട്ടയത്തിലുള്ള ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കശ്മീരില്‍ നിന്നുള്ളവരായതിനാലാണ് ആക്രമിക്കുന്നതെന്ന് അക്രമികളിലൊരാള്‍ പറയുന്നത് വീഡിയോയിലുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നതായി പൊലീസ് പറഞ്ഞു.