വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മൂന്ന് പ്രതികള്‍ക്കും ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റിലായ ഫര്‍സീന്‍ മജീദ് , നവീന്‍ കുമാര്‍ എന്നിവര്‍ക്ക് ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് അനുവദിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

കഴിഞ്ഞ ദിവസം ജാമ്യ ഹര്‍ജി പരിഗണിക്കവെ സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ പരിശോധിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധം നടന്ന വിമാനത്തില്‍ സിസിടിവി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. പ്രതിഷേധം നടന്നത് ചെറു വിമാനത്തിലായിരുന്നു വെന്നും അതിനാല്‍ വിമാനത്തില്‍ സിസിടിവി ഉണ്ടായിരുന്നില്ലന്നുമാണ് ഡിജിപി കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമക്കേസ് പ്രതികളായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍, പട്ടാനൂര്‍ സ്വദേശി നവീന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയും മറ്റൊരു പ്രതിയായ സുജിത് നാരായണന്റെ ജാമ്യ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

ജൂൺ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്പര്‍ശിക്കുകയോ അടുത്ത് പോകുകയോ ചെയ്തിട്ടില്ല. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായി വാതില്‍ തുറന്നപ്പോള്‍ ആണ് മുദ്രാവാക്യം വിളിച്ചത്. ആക്രോശിക്കുകയോ കയ്യില്‍ ആയുധം കരുതുകയോ ചെയ്തിരുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പാഞ്ഞടുത്ത് തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മര്‍ദ്ദിച്ചു. വധശ്രമം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.