ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി: ജി. സുധാകരന്‍

ശബരിമലയില്‍ അന്പതുവയസ് കഴിഞ്ഞ സ്ത്രീകള്‍ പ്രവേശിച്ചാല്‍ മതിയെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ച് മുന്നോട്ട് പോകണം. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇവര്‍ കേരളത്തില്‍ കൂടിവരികയാണെന്നും സുധാകരന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാവാതെ കുറേപ്പേര്‍ രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോണ്‍ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ജി. സുധാകരന്‍ വിമര്‍ശിച്ചു.