യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോൾ കാസർഗോഡ് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കും: രമേശ് ചെന്നിത്തല

മാഫിയാ ഭരണം നടത്തുന്ന ഇടതുപക്ഷത്തിന്റെ വർഗീയത ആളിക്കത്തിച്ചുള്ള പ്രചാരണത്തിനുള്ള മറുപടിയാണ് ഐശ്വര്യ കേരള യാത്രയിലെ ജനപങ്കാളിത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ആം ദ സ്റ്റേറ്റ് എന്നാണ് പിണറായി വിജയന് പറയുന്നത്. മന്ത്രിമാർ പോലും ഇവിടെ നോക്കുകുത്തികളാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇടതുപക്ഷം ഇവിടെ ഒരു മെഗാ പ്രൊജക്ടും കൊണ്ടുവന്നിട്ടില്ല. ബിസിനസ് നടത്താനുള്ള സാഹചര്യങ്ങളുടെ പട്ടികയിൽ 28-ാംസ്ഥാനത്താണ് കേരളമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എൽഡിഎഫ് സർക്കാർ കാസർഗോഡ് ജില്ലയെ എന്നും അവഗണിച്ചിട്ടേയുള്ളൂ . യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കാസർഗോഡ് മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങുമെന്ന് ഉറപ്പു നൽകുകയാണ്. വിദഗ്ധ ചികിൽസയ്ക്കായി കർണാടകയെ ആശ്രയിക്കേണ്ട അവസ്ഥ കാസർഗോഡുകാർക്കുണ്ടാകില്ല എന്നും രമേശ് ചെന്നിത്തല വാഗ്‌ദാനം ചെയ്തു.

Read more

ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് ഇന്ന് തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കാസർ​ഗോഡ് കുമ്പളയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.