വിഴിഞ്ഞം തുറമുഖ സമരം പാളിയെന്ന് സര്‍ക്കാരും സി.പി.എമ്മും, മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിറയുന്നത് ആത്മവിശ്വാസം, കേന്ദ്ര ഏജന്‍സികളുടെ ഇടപെടലും മന്ത്രിക്ക് എതിരായ തീവ്രവാദി പരാമര്‍ശവും പിണറായിക്ക് പിടിവള്ളിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ പണി നിര്‍ത്തിവയ്കില്ലന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നില്‍ തുറമുഖ വിരുദ്ധസമരം പൊളിഞ്ഞുവെന്ന വിലയിരുത്തല്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തോടെയും മന്ത്രി അബ്ദുള്‍ റഹിമാനെതിരെ വിഴിഞ്ഞം സമര സമിതി നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദിപരാമര്‍ശത്തോടെയും സമരത്തിന്റെ ഗതിതന്നെ മാറിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിന്റെ ആത്മവിശ്വാസമാണ് ഇന്ന് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ കണ്ടെതെന്നും സി പി എം കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെ സമരാനുകൂലികള്‍ നടത്തിയ ആക്രമണം വലിയ തിരിച്ചടിയാണ് സമര സമിതിക്കും ലത്തീന്‍ അതിരൂപതക്കുമുണ്ടാക്കിയത്. കേന്ദ്ര ഏജന്‍സികള്‍ക്ക് സമരത്തില്‍ ഇടപെടാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. എന്‍ ഐ എ സംഘം വിഴിഞ്ഞത്തെത്തുകയും സമരത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടായെന്ന് വിലയിരുത്തുകയും ചെയ്തതോടെ ലത്തീന്‍ സഭയും സമര സമിതി നേതൃത്വവും പ്രതിരോധത്തിലായി.

സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും സമരത്തിലെ തീവ്രവാദി സാന്നിധ്യം എടുത്ത് പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകിയാല്‍ അത് സമരസമിതിയെ സംബന്ധി്ച്ചിടത്തോളം വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. സി പിഎം മുഖപത്രമായ ദേശാഭിമാനി സമര നേതാക്കളുടെ പടം നല്‍കിക്കൊണ്ട് ഇവര്‍ക്കെല്ലാം തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകളും നല്‍കിയിരുന്നു.

മന്ത്രി വി അബ്ദുള്‍ റഹിമാനെതിരെ സമരസമതി നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പ്രയോഗവും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. സമരത്തിന് പിന്തുണ നല്‍കിയിരുന്ന വിഴിഞ്ഞത്തെ മുസ്‌ളീം ന്യുനപക്ഷത്തെ അതില്‍ നിന്ന് അകറ്റാനേ ഈ പ്രയോഗം സഹായിച്ചുള്ളുവെന്നാണ് വിലയിരുത്തല്‍.

ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും വിഴിഞ്ഞം സമരത്തെക്കുറിച്ച് ഒരക്ഷം മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇന്ന് സമരക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത് സമരം പൊളിഞ്ഞുവെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ ഇടപെടലാണ് സര്‍ക്കാരിന് ശരിക്കും ഈ സമരത്തെ ചെറുക്കാന്‍ സഹായകമായത്. അതോടൊപ്പം വി അബ്്ദുള്‍ റഹിമാനെതിരായ വൈദികന്റെ പരാമര്‍ശം കൂടിയായപ്പോള്‍ പന്ത് ശരിക്കും സര്‍ക്കാരിന്റെ കോര്‍ട്ടിലാവുകയായിരുന്നു.

Read more

ഇനി സമരം എങ്ങിനെ മുന്നോട്ട് കൊണ്ട് പോകണമെന്ന കാര്യത്തില്‍ സമരസമതിക്കും വലിയ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ സമരത്തിനെതിരെ ഉണ്ടായാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലന്ന് വസ്തുത സമരസമതിയും മനസിലാക്കുന്നുണ്ട്്.