മുസ്‌ലിം സമുദായത്തിന് വേണ്ടി കെ.ടി ജലീല്‍ നിലകൊണ്ടുവെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് സൂചന, ജലീലിന്റെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ മുസ്‌ളീം സമുദായത്തില്‍പെട്ടയാളെ വൈസ് ചാന്‍സലറാക്കണമെന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ അവശ്യമായിരുന്നുവെന്നും അദ്ദേഹം അത് വഴി മുസ്‌ളീം സമുദായത്തിന് വേണ്ടി നിലകൊള്ളുകയുമായിരുന്നുവെന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ പ്രസ്താവന ജലീലിനെ രക്ഷിക്കാനുള്ള പിണറായി തന്ത്രത്തിന്റെ ഭാഗം. വെള്ളാപ്പളളിയെ കെ ടി ജലീല്‍ കണ്ടത് പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണെന്ന സൂചനകളുണ്ട്.

മാധ്യമം പത്രം യു എ ഇ യില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് യു എ ഇ ഭരണാധികാരികള്‍ക്ക് കത്തെഴുതിയ സംഭവത്തില്‍ മുസ്‌ളീം വിഭാഗത്തില്‍ നിന്നും കനത്ത പ്രതിഷേധം കെ ടി ജലീലിനെതിരെ ഉണ്ടായിരുന്നു. ഇടതുമുന്നണിയില്‍ ഇപ്പോഴും മുസ്‌ളീം മുഖമായി നില്‍ക്കുന്നതും വിവിവിധ മുസ്‌ളീം സംഘടനകളെ പ്രത്യേകിച്ച് ലീഗിതര മുസ്‌ളീം സംഘടനകളെ സി പി എമ്മുമായി അടുപ്പിച്ച് നിര്‍ത്തുന്നതും കെ ടി ജലീല്‍ ആണ്്. അത് കൊണ്ട് തന്നെ മാധ്യമത്തിനെതിരെ ജലീല്‍ നീങ്ങിയെന്നത് പൊതുവെ മുസ്‌ളീം വിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമിയുടെ സ്ഥാപനമാണെങ്കിലും മുസ്‌ളീം മാനേജ്‌മെന്റുകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള മാധ്യമ സ്ഥാപനമാണ് മാധ്യമം ദിനപത്രവും, മീഡിയാ വണ്‍ ചാനലും.

ശ്രീനാരായണ ഓപ്പണ്‍സര്‍വ്വകലാശാലയില്‍ പി എം മുബാറക് പാഷയെ വൈസ് ചാന്‍സലര്‍ ആയി നിയോഗിച്ചത് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യപ്രകാരമായിരുന്നു. കേരളത്തില്‍ മുസ്‌ളീം വിഭാഗത്തില്‍ പെട്ട വൈസ് ചാന്‍സലര്‍ ഇല്ലാതിരിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുകയും ചെയ്തതോടെയാണ് ഈ നിയമനം നടന്നത്. ഇക്കാര്യം അന്ന് തന്നെ വെള്ളപ്പള്ളി നടേശനുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നതും വെള്ളാപ്പള്ളി അംഗീകരിച്ചതുമായിരുന്നു.

ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം ഒരു പുതിയ കാര്യമെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം വെളിപ്പെടുത്തിയത് കെ ടി ജലീലിനെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തിന് ബലം പകരാനാണ് എന്ന് വ്യക്തമാകുന്നു. ശ്രീറാം വെങ്കിട്ടരാമന്റ വിഷയത്തില്‍ കാന്തപുരം അടക്കമുള്ള മുസ്‌ളീം സംഘടനകള്‍ സര്‍ക്കാരിനോട് കടുത്ത എതിര്‍പ്പു് പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം മാധ്യമത്തിനെതിരെ യു എ ഇ അധികൃതര്‍ക്ക് കത്ത്്് എഴുതിയത്, ജന്റര്‍ന്യുട്രാലിറ്റി യൂണിഫോം അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ മുസ്‌ളീം സംഘടനകള്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പ് തുടരുകയുമാണ്. ഈ പശ്ചാത്തല്‍ വിവിധ മുസ്‌ളീം വിഭാഗങ്ങളെ സര്‍ക്കാരും പാര്‍ട്ടിയുമായി കൂടൂതല്‍ അടുപ്പിക്കാനുള്ള തന്ത്രം മെനെയുകയാണ് പിണറായി. അതിന് വേണ്ടി നിയോഗിക്കപ്പെടേണ്ടയാള്‍ കെ ടി ജലീലുമാണ്. അത് കൊണ്ട് തന്നെ മുസ്‌ളീം സമുദായത്തിനിടയില്‍ ജലീലിന് മുമ്പുണ്ടായിരുന്ന പ്രതിഛായ നിലനിര്‍ത്തേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യവുമാണ്. ഇതിന്റെ ഭാഗമായുള്ള തന്ത്രമാണ് ജലീല്‍ വെള്ളാപ്പള്ളി സന്ദര്‍ശനവും, അതിനെ തുടര്‍ന്ന് ജലീല്‍ മുസ്‌ളീം സമുദായത്തിന് വേണ്ടി നിലകൊണ്ടു എന്നതരത്തില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയും.