'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ' എഴുതിയ ബെന്യാമിന് വയലാര്‍ അവാര്‍ഡ്

45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്ക്കാരം എഴുത്തുകാരന്‍ ബെന്യാമിന്. ബെന്യാമിന്‍റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ അധ്യക്ഷൻ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്‌. അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ കൃതികളാണ് അവാര്‍ഡിന് പരിഗണിച്ചത്.

കെ. ആർ മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ചടങ്ങില്‍ പുരസ്കാരം നൽകും. ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വയലാർ ഗാനാഞ്ജലിയും ഉണ്ടായിരിക്കും.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട സ്വദേശിയാണ്‌. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. ആടുജീവിതം എന്ന നോവലിന് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി തുടങ്ങിയവും ബെന്യാമിന്‍റെ പ്രധാന നോവലുകളാണ്.