ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനെ രക്ഷിച്ചെടുത്ത് കേന്ദ്രമന്ത്രി; 'വൈദേകം' രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ ഏറ്റെടുത്തു

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ‘വൈദേകം’ റിസോര്‍ട്ടിന്റെ പൂര്‍ണ നടത്തിപ്പ് ഏറ്റെടുത്ത് ‘നിരാമയ’ ഗ്രൂപ്പ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നിരാമയ. കോട്ടയത്ത് അടക്കം ഹോട്ടലുകള്‍ നിരാമയ ഗ്രൂപ്പിനുണ്ട്. ഇന്നലെ മുതല്‍ സ്ഥാപനത്തിന്റെ പൂര്‍ണനടത്തിപ്പ് നിരാമയയ്ക്ക് ആണ്. ഇ.പി.ജയരാജന്റെ കുടുംബത്തിന് മുഖ്യ ഓഹരിയുള്ള റിസോര്‍ട്ടാണ് ‘വൈദേകം’.

വൈദേകം റിസോര്‍ട്ടില്‍ ഇ പി ജയരാജനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഓഹരി നിക്ഷേപമുളളത് വിവാദമായതിനെ തുടര്‍ന്നാണ് വില്‍പ്പന. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. വിവാദത്തെ തുടര്‍ന്ന് റിസോര്‍ട്ടിലുള്ള ഓഹരികള്‍ ഇ പി ജയരാജന്റെ കുടുംബം ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനായിരുന്നു തീരുമാനം.

Read more

വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ആരാഞ്ഞ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. റിസോര്‍ട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ അടക്കം ഇപി ജയരാജന്‍ പ്രതിസന്ധിയിലായിരിക്കെയാണ് റിസോര്‍ട്ട് വില്‍പ്പന നടന്നിരിക്കുന്നത്. റിസോര്‍ട്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് സിഇഒ തോമസ് ജോസഫ് വ്യക്തമാക്കി.