തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു.
ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോൾ പോളിംഗ് പത്ത് ശതമാനത്തോളമെത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്. രാവിലെ ഒമ്പത് മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് 8.82 ശതമാനമാണ് പോളിംഗ്. തൃശൂർ -8. 94%, പാലക്കാട്- 9.18%, മലപ്പുറം- 8.78%, കോഴിക്കോട്- 8.61%, വയനാട് -9.91%, കണ്ണൂർ- 8.4%, കാസർക്കോട്- 8.75% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നെങ്കിലും ചിലയിടങ്ങളിൽ വോട്ടർമാർ ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു.
വടക്കന്‍ കേരളത്തിലെ 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 14 ഉം കാസര്‍കോഡ് രണ്ടും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകും.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ഇപ്പോഴുള്ള സീറ്റുകൾ ഇരട്ടിയായി വർധിപ്പിക്കും. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ എൽഡിഎഫ്, യുഡിഎഫും ഒന്നിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിലും അതുണ്ടാകുമെന്ന് പി എസ് ശ്രീധരൻ പിള്ള വിമര്‍ശിച്ചു.







