കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോള്‍ വന്നതിനെക്കാള്‍ അപ്പുറത്തുള്ളത് ഇനി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ലൈംഗിക അതിക്രമത്തിന് ഇരയായ യുവതികള്‍ പരാതി പറയാന്‍ ഭയപ്പെട്ടത് എന്തിനെന്ന് ചിന്തിക്കണമെന്നും ഇത് വളരെ ഗൗരവതരമായ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിസ്സഹായയായ യുവതികള്‍ യഥാര്‍ഥ വസ്തുത പുറത്തുപറയാന്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊന്നുതള്ളുമെന്നാണ് അവര്‍ക്കെതിരായ ഭീഷണിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു കാര്യം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവില്‍ നിന്ന് ഉണ്ടാകുന്നത് എങ്ങനെയെന്ന് ചിന്തിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാരും ജനങ്ങളും സമൂഹവും അതിജീവിതയ്‌ക്കൊപ്പമാണ്. അതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈംഗിക വൈകൃതമുള്ള ആളുകളെ സംരക്ഷിക്കുന്നവരെ സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.







