നിലവിലെ ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാകിസ്ഥാൻ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ടി 20 ലോകകപ്പിലും നാണംകെട്ടാണ് പാകിസ്ഥാൻ പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമര്‍ശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോര്‍ഡിനും നേരെ ഉയരുന്നത്.
ബംഗ്ലാദേശിനെതിരായ നിർണായകമായ മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ പരാതിയുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. മത്സരത്തിലെ അമ്പയറായ കുമാര്‍ ധര്‍മ്മസേനയുടെ ഒരു തീരുമാനത്തിനെതിരെ മാച്ച് റഫറി നിയാമുര്‍ റാഷിദിനാണ് പാകിസ്ഥാന്‍ പരാതി നല്‍കിയത്.
റിഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ പാകിസ്ഥാന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളില്‍ നിന്ന് 2 റണ്‍സ് മാത്രം ലഭിച്ചതോടെ ലക്ഷ്യം രണ്ട് പന്തില്‍ 12 റണ്‍സായി മാറി. അഞ്ചാമത്തെ പന്ത് അമ്പയര്‍ കുമാര്‍ ധര്‍മ്മസേന വൈഡ് വിളിച്ചു. എന്നാല്‍ ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈനും വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ഇത് ബാറ്റില്‍ തട്ടിയ പന്താണെന്ന് വാദിക്കുകയും റിവ്യൂ എടുക്കുകയും ചെയ്തു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തട്ടിയതായി വ്യക്തമായതോടെ അമ്പയര്‍ക്ക് തീരുമാനം തിരുത്തേണ്ടി വന്നു.
Read more
ഡിആര്‍എസ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടുവെന്നാണ് പാകിസ്താൻ മാനേജ്മെന്റ് ആരോപിക്കുന്നത്. സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ പന്തിന്റെ റീപ്ലേ കാണിച്ചതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂ എടുത്തതെന്ന് പാകിസ്താൻ വാദിക്കുന്നു. നിയമപ്രകാരം റീപ്ലേകള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ റിവ്യൂ എടുത്തിരിക്കണം. റിവ്യൂ എടുക്കാനുള്ള 15 സെക്കന്‍ഡ് സമയപരിധി കഴിഞ്ഞാണ് ബംഗ്ലാദേശ് തീരുമാനം അറിയിച്ചതെന്നും പാകിസ്താൻ ആരോപിക്കുന്നു. ടിവി ബ്രോഡ്കാസ്റ്റില്‍ ടൈമര്‍ കാണിക്കാതിരുന്നത് ഈ കാര്യത്തില്‍ കൂടുതൽ പ്രതിഷേധങ്ങൾക്ക് കാരണമായി.







