രാഹുൽ മാങ്കൂട്ടത്തിലിനെ അനൂകൂലിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തിയ എം വി ഗോവിന്ദൻ രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് ന്യായീകരിക്കുകയാണെന്നും പറഞ്ഞു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി ആസൂത്രിതമാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ പറഞ്ഞത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന് പറഞ്ഞ സണ്ണി ജോസഫ് പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്ൻ ഉണ്ടെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. രാഹുലിന്‍റെ കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് ന്യായീകരിക്കുകയാണ്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. അതേസമയം നേരത്തെ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷന്റെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോള്‍ വന്നതിനെക്കാള്‍ അപ്പുറത്തുള്ളത് ഇനി വന്നേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.







