'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി ആസൂത്രിതമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന് പറഞ്ഞ സണ്ണി ജോസഫ് പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്ൻ ഉണ്ടെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. രാഹുലിന്‍റെ കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

രണ്ടാമത്തെ പരാതി തനിക്ക് കിട്ടിയ സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയിരുന്നുവെന്നും ആര്‍ക്കാണ് അയക്കേണ്ടതെന്ന് പരാതിക്കാരിക്ക് നന്നായിട്ട് അറിയാംമെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ, തനിക്കാണ് പരാതി അയച്ചത്. പരാതി ആസൂത്രിതമായിട്ടുള്ള വെൽ ഡ്രാഫ്റ്റഡ് പെറ്റീഷൻ എന്നാണ് താൻ പറഞ്ഞതെന്നും അത് രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിലെ ഇരിട്ടിയിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.

അതേസമയം ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോള്‍ വന്നതിനെക്കാള്‍ അപ്പുറത്തുള്ളത് ഇനി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read more