കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം, കെ. മുരളീധരന്റെ പരാമര്‍ശങ്ങള്‍ യുക്തിരഹിതമെന്ന് വി. ശിവന്‍കുട്ടി

കെ മുരളീധരന്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരമാണ്. പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്ന് കണ്ണാടിയില്‍ നോക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. മുരളീധരന്റെ പരാമര്‍ശങ്ങള്‍ യുക്തിരഹിതമാണെന്ന് ശിവന്‍കുട്ടി പറഞ്ഞതായി ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കോവിഡ് പടര്‍ന്ന് പിടിക്കാന്‍ കാരണം പിണറായി ആണെന്നാണ് മുരളീധരന്‍ പറയുന്നത്. ഇത് അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാട് ആണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഫ്യൂഡല്‍ മാടമ്പിമാരെ പോലെയാണ് മുരളീധരന്റെ പെരുമാറ്റം. മുഖ്യമന്ത്രിക്കെതിരെ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തില്‍ ആണ് ആരോപണങ്ങള്‍ ഉന്നയിച്ചത് എന്ന് മുരളീധരന്‍ വ്യക്തമാക്കണം. അതിന്റെ ഉത്തരവാദിത്വം മുരളീധരന് ഉണ്ട്.

മേയര്‍ ആര്യാ രാജേന്ദ്രന് എതിരായ പരാമര്‍ശത്തിലും ശിവന്‍കുട്ടി കടുത്ത അതൃപ്തി അറിയിച്ചു. ഇതെല്ലാം കേരളത്തിലെ യുവാക്കളും സ്ത്രീകളും കാണുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ ആവാത്തതിന്റെ രോഷമാണ് മുരളീധരന്‍ തീര്‍ക്കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോണ്‍ഗ്രസും തിരിച്ചറിയണം എന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി.

ഇന്നലെ കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ മുരളീധരന്‍ തുറന്നടിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രിക്കെതിരെയും മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് മുരളീധരന്‍ നടത്തിയത്. വിവരമില്ലാത്തതിനാലാണ് തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വണ്ടി ഓടിച്ചു കയറ്റിയതെന്നാണ് മുരളീധരന്‍ പറഞ്ഞത്. അതിന് വിവരമില്ല, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്, ആരെങ്കിലും ചെയ്യുമോ എന്നായിരുന്നു മുരളീധരന്‍ വിമര്‍ശനം.

സ്വന്തം പൊലീസുകാരെ രക്ഷിക്കാന്‍ കഴിയാത്ത ആളാണ് പ്രതിപക്ഷത്തെ വിരട്ടുന്നത്. ഈ മുഖ്യമന്ത്രി വന്നതിന് ശേഷം മര്യാദയ്ക്ക് ആഘോഷം നടത്താന്‍ പോലും നാട്ടുകാര്‍ക്ക് പറ്റുന്നില്ല. വത്സന്‍ തില്ലങ്കേരിയും വി മുരളീധരനും ചേര്‍ന്നാല്‍ പിണറായി വിജയന്‍ ആയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.