കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ ഇരുവിഭാഗം വിശ്വാസികളുടെയും പ്രതിഷേധം പന്ത്രണ്ട് മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ വൈകിട്ട് ആരംഭിച്ച വൈദികരുടെ ജനാഭിമുഖ കുര്‍ബാന തുടരുകയാണ്. തടസ്സപ്പെടുത്താനുള്ള ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്. ഇന്ന് ക്രിസ്മസ് കുര്‍ബാനക്കിടെ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്നലെ വൈകിട്ട് പള്ളിയുടെ അഡ്മിനിസ്‌ട്രേറ്ററായ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചതോടെ തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നത്. വൈദികര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ ആന്റണി പൂതവേലില്‍ എത്തി അള്‍ത്താരയെ അഭിമുഖീകരിച്ച് ഏകീകൃത കുര്‍ബാന ചൊല്ലുകയായിരുന്നു.
ഇതോടെ പ്രതിഷേധവുമായി വിമത വിഭാഗം എത്തി. ജനാഭിമുഖ കുര്‍ബാനയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അള്‍ത്താരയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.
Read more
ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇന്ന് പള്ളി അരമനയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ക്രിസ്മസ് കുര്‍ബാന അര്‍പ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. ആന്‍ഡ്രൂസ് താഴത്ത് എത്തിയാല്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്.








