ഖുർആനെ കേന്ദ്രീകരിച്ചുള്ള സി.പി.എം പ്രചാരണത്തെ പ്രതിരോധിക്കാൻ യു.ഡി.എഫ്; സ്വര്‍ണക്കടത്തില്‍ ഊന്നി ജലീലിന് എതിരെ സമരം കടുപ്പിക്കും

സ്വർണക്കടത്ത് കേസില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ സമരങ്ങള്‍ ശക്തമാക്കാന്‍ യുഡിഎഫ്. കെ ടി ജലീലിനെതിരായ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി ഉയർത്തിക്കാട്ടി സി പി എം രംഗത്ത് എത്തിയതോടെയാണ് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ തമ്മില്‍ ധാരണയായത്. ഖുര്‍ആന്‍ ഉയര്‍ത്തിയുള്ള പ്രചാരണം സി പി എമ്മിന് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ഖുര്‍ആന്‍ ഉയര്‍ത്തി മന്ത്രിയെ സംരക്ഷിക്കാന്‍ സി പി എമ്മും ഇടതുമുന്നണിയും രംഗത്തു വന്നത്.  ആര്‍എസ്എസിന്‍റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് ലീഗും കോണ്‍ഗ്രസും തീ പകരുകയാണെന്ന പ്രചാരണം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് ജലീല്‍ വിരുദ്ധ സമരത്തെ പ്രതിരോധിക്കുന്നത്. ഇടതു പ്രചാരണം ചില മുസ്ലിം വിഭാഗങ്ങളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര കൂടിയാലോചനകള്‍ നടത്തിയത്. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലികുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോപണങ്ങള്‍ക്ക് നേരെ ചൊവ്വെ മറുപടി പറയാതെ മതപരമായ വൈകാരികതകള്‍ വലിച്ചിഴച്ച് തടിയൂരാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമമെന്നാണ് യു‍ഡിഎഫിന്റെ വിലയിരുത്തല്‍. അതിനാല്‍ സ്വര്‍ണക്കടത്തും പ്രോട്ടോകോള്‍ ലംഘനങ്ങളുമായി ജലീലിനെതിരായ സമരത്തെ ശക്തമാക്കാനും തീരുമാനിച്ചു.

ഖുര്‍ആനെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപിക്ക് അവസരം ഒരുക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണവും യുഡിഎഫ് ഉയര്‍ത്തും. ഖുര്‍ആനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതില്‍ മതസംഘടനകള്‍ അതൃപ്തി പ്രകടിപ്പിച്ചതും നേതാക്കള്‍ ചര്‍ച്ച ചെയ്തു. രണ്ട് കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രിയെ കുറിച്ച്‌ ‌സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാജി അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ച് നിന്നാവും യുഡിഎഫിന്റെ തുടര്‍പ്രക്ഷോഭം.